(ഫയല്‍ ചിത്രം)
ജമ്മു കശ്മീരിലും പഞ്ചാബിലും അടക്കം ഇന്ത്യന്‍ അതിര്‍ത്തികളില്‍ പാകിസ്ഥാന്‍റെ ആക്രമണവും ഇന്ത്യയുടെ പ്രത്യാക്രമണവും തുടരവേ മധ്യസ്ഥശ്രമവുമായി യു.എസ്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ സംസാരിച്ചു. ഇന്ത്യ– പാക് സംഘര്‍ഷത്തില്‍ ഇടപെടില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ് പറഞ്ഞതിന് പിന്നാലെയാണ് മധ്യസ്ഥശ്രമവുമായി സ്റ്റേറ്റ് സെക്രട്ടറി രംഗത്തെത്തുന്നത്. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് മാര്‍ക്കോ റൂബിയോ പിന്തുണയറിയിച്ചതായാണ് വിവരം. സംഘര്‍ഷം ലഘൂകരിക്കാന്‍ ആശയവിനിമയം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പാക് സേനാമേധാവിയുമായി സംസാരിച്ചതിന് ശേഷമായിരുന്നു ജയശങ്കറിനെ മാര്‍ക്കോ റൂബിയോ ബന്ധപ്പെട്ടത്. ഇന്ത്യ–പാക് ചര്‍ച്ചകള്‍ക്ക് സഹായം ചെയ്യാമെന്നാണ് മാര്‍കോ റൂബിയോ പാക് സേനാമേധാവിയേയും അറിയിച്ചത്.
ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജയ്ശങ്കറുമായി സംസാരിക്കുന്നത്. ഈ ആഴ്ച ആദ്യം, ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായുള്ള ഒരു ഫോൺ സംഭാഷണത്തിൽ സംഘർഷം ലഘൂകരിക്കേണ്ടതിന്‍റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി പ്രത്യേകം സംസാരിച്ച അദ്ദേഹം, ഭീകരവാദത്തിന് നല്‍കുന്ന എല്ലാ പിന്തുണയും അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ കൃത്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സംഘര്‍ഷത്തില്‍ നിന്നും ഇന്ത്യയും പാക്കിസ്ഥാനും പിന്മാറണമെന്നും സമാധാനം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നതായും അമേരിക്കന്‍ പ്രഡിഡന്‍റ് ഡോണള്‍ഡ് ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു.
ഇരുരാജ്യങ്ങളും സംഘര്‍ഷത്തില്‍ നിന്ന് പിന്‍മാറണമെന്ന് ജി7 രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങളില്‍ ആശങ്കയുണ്ടെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും പ്രസ്താവനയില്‍ പറഞ്ഞു. പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട ചൈന, സമാധാനവും സ്ഥിരതയും മേഖലയില്‍ പുനസ്ഥാപിക്കാന്‍ ഇടപെടല്‍ വേണമെന്നും ക്രിയാത്മകമായി ഇടപെടാന്‍ തയാറെന്നും വ്യക്തമാക്കി. ഡല്‍ഹിയിലെ സന്ദര്‍ശനത്തിന് ശേഷം സമാധാനനീക്കവുമായി ഇസ്‍ലാമാബാദിലെത്തിയ സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍ വിവിധ നേതാക്കളുമായി ചര്‍ച്ച നടത്തി. സംഘര്‍ഷത്തിന് അയവുവരുത്താന്‍ ചര്‍ച്ചകള്‍ നടത്തണമെന്നാണ് സൗദി ആഗ്രഹിക്കുന്നതെന്നും അതിനുള്ള സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും പറഞ്ഞു. യുഎഇ അടക്കം രാജ്യങ്ങളും സമാധാനനീക്കവുമായി രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, പാകിസ്ഥാന്‍റെ ആക്രമണങ്ങള്‍ക്കെതിരെ തിരിച്ചടിച്ചെന്ന് സ്ഥിരീകരിച്ച് ഇന്ത്യ. പാക്കിസ്ഥാന്‍റെ നടപടികള്‍ പ്രകോപനമുണ്ടാക്കിയതായും ഇന്ത്യ പ്രതിരോധിക്കുകയും തിരിച്ചടിക്കുകയും ചെയ്തതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു. ഇന്ത്യ നടത്തിയത് നിയന്ത്രിതമായ സ്വയം പ്രതിരോധവും തിരിച്ചടിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാന്‍ ബോധപൂര്‍വം സാധാരണക്കാരെ ലക്ഷ്യമിട്ടെന്നാണ് സേന പറയുന്നത്. കശ്മീരില്‍ ആശുപത്രിയും സ്കൂള്‍ പരിസരവും ആക്രമിക്കാന്‍ ശ്രമിച്ചതായും എന്നാല്‍ ഇന്ത്യ തിരിച്ചടിച്ചത് പാക് ഭാഗത്ത് സിവിലിയന്‍ നാശനഷ്ടം ഇല്ലെന്ന് ഉറപ്പാക്കിയെന്നും സൈന്യം പറഞ്ഞു. ഹീനതന്ത്രം പാക്കിസ്ഥാന്‍ തുടരുന്നുതായും സൈന്യം പറഞ്ഞു.
പാക് മിസൈലുകള്‍ ഇന്ത്യ വീഴ്ത്തിയെന്ന് കേണല്‍ സോഫിയ ഖുറേഷിയും സ്ഥിരീകരിച്ചു. തെളിവായി വിഡിയോ ദൃശ്യങ്ങളും സേന പുറത്തുവിട്ടിട്ടുണ്ട്. യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് പാക്കിസ്ഥാന്‍ ആക്രമിക്കാന്‍ ശ്രമിച്ചു. ഇന്ത്യയുടെ 12 സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പാകിസ്ഥാന്‍ ലക്ഷ്യമിട്ടു. പക്ഷേ അവര്‍ ലക്ഷ്യത്തിലെത്തിയില്ല. ഇന്ത്യ തിരിച്ചടിച്ചെന്നും സോഫിയ ഖുറേഷി പറഞ്ഞു. പഞ്ചാബിലെ വ്യോമതാവളത്തിനുനേരെയുള്ള പാകിസ്ഥാന്‍റെ ഫത്താ മിസൈല്‍ പ്രയോഗവും സ്ഥിരീകരിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ പാക് സേനാവിന്യാസം കൂട്ടുന്നുവെന്നും ഇത് പ്രകോപനപരമായ നടപടിയാണ് ഇന്ത്യ തിരിച്ചടിക്ക് തയാറെന്നും സൈന്യം അറിയിച്ചിട്ടുണ്ട്.