പാക് സൈനിക മേധാവിയായിരുന്ന ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ 'ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്സസാ'യി അംഗീകരിച്ച് പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി. പാക്കിസ്ഥാന്‍റെ ചരിത്രത്തിലെ ആദ്യ സിഡിഎഫാണ് അസിം മുനീര്‍. അഞ്ചുവര്‍ഷത്തേക്കാണ് നിയമനം. മൂന്ന് സൈനിക വിഭാഗങ്ങളുടെയും സംയുക്ത മേധാവിയെന്നതിന് പുറമെ ആണവായുധങ്ങളുടെ അവസാന വാക്കായ സ്ട്രാറ്റജിക് കമാന്‍ഡും അസിം മുനീറിന്‍റെ കൈപ്പിടിയിലായി. ഫീല്‍ഡ് മാര്‍ഷലെന്ന നിലയില്‍ ജീവിതകാലമത്രയും യൂണിഫോമിലും തുടരും. യാതൊരു വിധ നിയമനടപടികളിലും പ്രോസിക്യൂട്ട് ചെയ്യാനും കഴിയില്ല. അസിം മുനീറിന് പുതിയ പദവി നല്‍കിക്കൊണ്ടുള്ള വിവരം എക്സ് പോസ്റ്റിലൂടെയാണ് പാക് പ്രസിഡന്‍റ് അറിയിച്ചത്. Also Read: അസിം മുനീര്‍ ഇനി പാക്കിസ്ഥാന്‍റെ സര്‍വാധികാരി; ഇന്ത്യ കരുതേണ്ടത് എന്തെല്ലാം?
നവംബര്‍ 29നായിരുന്നു അസിം മുനീറിനെ സിഡിഎഫ് ആയി പ്രഖ്യാപിച്ച് ഉത്തരവിറങ്ങേണ്ടിയിരുന്നത്. സൈനിക മേധാവിയായുള്ള അസിം മുനീറിന്‍റെ മൂന്നു വര്‍ഷ കാലാവധി അവസാനിക്കുന്ന ദിവസമായിരുന്നു ഇത്. പാക്കിസ്ഥാന്‍ ഭരണഘടനയുടെ 27–ാം ഭേദഗതിയിലൂടെയാണ് ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്സസ് എന്ന പദവി കൊണ്ടുവന്നത്. സൈന്യത്തിലേക്ക് അധികാരം കേന്ദ്രീകരിക്കുന്ന നടപടിയായിരുന്നു ഇത്. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ അസിം മുനീറിനെ ഫീല്‍ഡ് മാര്‍ഷലായും പ്രഖ്യാപിച്ചിരുന്നു. ജനറല്‍ അയൂബ് ഖാന് ശേഷം ഫീല്‍ഡ് മാര്‍ഷല്‍ പദവിയിലെത്തുന്ന രണ്ടാമത്തെ പാക് സൈനിക ഓഫിസറാണ് അസിം മുനീര്‍.
അസിം മുനീറിലേക്ക് കൂടുതല്‍ അധികാരമെത്തുന്നതിലും അധികാരം കേന്ദ്രീകരിക്കപ്പെടുന്നതിലും പാക് പ്രധാനമന്ത്രിക്കും പ്രസിഡന്‍റിനും താല്‍പര്യക്കുറവുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. അസിം മുനീറിനെ സിഡിഎഫായി പ്രഖ്യാപിക്കേണ്ട സമയത്ത് ഷഹബാസ് ഷെരീഫ് ബഹ്റൈനിലേക്കും അവിടെ നിന്നും ലണ്ടനിലേക്കും പോയത് മനഃപൂര്‍വമാണെന്നായിരുന്നു റിപ്പോര്‍ട്ട്.
നിലവില്‍ പാക്കിസ്ഥാന് സൈനിക മേധാവി ഇല്ല. മാത്രവുമല്ല, പുതിയ പരിഷ്കാരം അനുസരിച്ച് ആണവായുധത്തിന് മേല്‍ അധികാരമുള്ള സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍ഡെന്ന പദവിയും ഒഴിഞ്ഞു കിടക്കുകയാണ്. പക്ഷേ ഇതിനെല്ലാം മുകളിലായാണ് അസിം മുനീര്‍ അവരോധിക്കപ്പെട്ടിരിക്കുന്നത്.