ലോക സമാധാനത്തിനായി അഫ്ഗാനിസ്ഥാൻ - പാകിസ്ഥാൻ സംഘർഷത്തിലും ഇടപെടാൻ തയ്യാറാണെന്ന് യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ പാകിസ്ഥാനുമായി തനിക്ക് മികച്ച ബന്ധമാണുള്ളതെന്നും അവർക്ക് മികച്ച ഒരു പ്രധാനമന്ത്രിയും ജനറലുമാണ് ഉള്ളതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
പാകിസ്ഥാനിലെ ഭരണം വളരെ മികച്ചതാണെന്നും താൻ വളരെയധികം ബഹുമാനിക്കുന്ന രണ്ട് ആളുകളാണ് പാക് പ്രധാനമന്ത്രിയും സൈനിക മേധാവിയെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. അഫ്ഗാൻ - പാക് യുദ്ധത്തിൽ പാകിസ്ഥാനെ പിന്തുണയ്ക്കുന്ന നയമാണ് തനിക്കുള്ളതെന്നാണ് യുഎസ് പ്രസിഡന്‍റ് പരോക്ഷമായി വ്യക്തമാക്കിയത്.
അതേസമയം അഫ്ഗാനിസ്ഥാൻ- പാകിസ്ഥാൻ അതിർത്തികളിലെ നിരന്തര സംഘർഷങ്ങൾക്ക് പിന്നാലെ തുറന്നയുദ്ധം പ്രഖ്യാപിച്ചിരിക്കയാണ് പാകിസ്ഥാൻ. ഇസ്ലമബാദിന്‍റെ ക്ഷമ നശിച്ചെന്നും ഇരുരാജ്യങ്ങൾക്കും വലിയ നഷ്‌ടം സംഭവിക്കുന്ന ഈ ഘട്ടത്തിൽ തുറന്നയുദ്ധം പ്രഖ്യാപിക്കുകയാണെന്നുമാണ് ഖ്വാജ ആസിഫ് പറഞ്ഞത്. പാക് സൈനിക ആക്രമണത്തിൽ 274 അഫ്ഗാൻ താലിബാൻ അംഗങ്ങൾ കൊല്ലപ്പെട്ടെന്നും പാകിസ്ഥാൻ അവകാശപ്പെടുന്നു. താലിബാൻ ഭരണകൂടം തീവ്രവാദികൾക്ക് താവളമൊരുക്കുന്നു എന്നാരോപിച്ചായിരുന്നു പാകിസ്ഥാന്റെ നീക്കം.
ഇതിനിടെ അഫ്ഗാനിസ്ഥാനിലെ വിവിധ പ്രദേശങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണത്തിനിടെ പാക്കിസ്ഥാന്റെ അമേരിക്കൻ നിർമിത എഫ്-16 യുദ്ധവിമാനം തകർന്നതായും റിപ്പോർട്ടുണ്ട്. തങ്ങളുടെ വ്യേമമേഖലയിലേക്ക് കയറിയ പാക് യുദ്ധവിമാനം വെടിവച്ചിട്ടു എന്നാണ് അഫ്ഗാൻ അവകാശപ്പെടുന്നത്. അഫ്ഗാൻ കരസേനയുടെ ആക്രമണത്തിൽ പാക്കിസ്‌ഥാൻ്റെ എഫ്-16 തകർന്നു എന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങൾ എക്സിൽ പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്‌ഥിരീകരണമില്ല. യുദ്ധവിമാനം നഷ്‌ടപ്പെട്ടു എന്ന വാർത്തയിൽ പാക്കിസ്ഥാൻ പ്രതികരിച്ചിട്ടുമില്ല.