അതിര്‍ത്തിയിലെ പാക് ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കിക്കൊണ്ട് സൈന്യം. പാക്കിസ്ഥാനിലെ സിയാല്‍കോട്ടിലെ ലൂണിയില്‍ ഭീകരരുടെ ലോഞ്ച് പാഡുകള്‍ തകര്‍ത്ത് സൈന്യം. ഇന്ത്യയ്ക്കുനേരെ ഡ്രോണുകള്‍ പ്രയോഗിക്കുന്ന ലോഞ്ച് പാഡുകളാണ് തകര്‍ത്തത്. ബിഎസ്എഫ് തന്നെ ദൃശ്യങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. പാക് സൈനിക പോസ്റ്റുകളും തകര്‍ത്തതായാണ് വിവരം. പാക് പ്രൊജക്ടൈലുകളും (തോക്കുകളില്‍നിന്ന് തൊടുക്കുന്ന മിൈസല്‍) തകര്‍ത്തു.
പാക്കിസ്ഥാനിലെ നാല് എയര്‍ബേസുകളും ഇന്ത്യ ആക്രമിച്ചിരുന്നു. നൂര്‍ ഖാന്‍, മുരിദ്, റഫീഖി എയര്‍ബേസുകളിലാണ് ഇന്ത്യ മിസൈല്‍ ആക്രമണം നടത്തിയതെന്ന് പാക്ക് സൈന്യം അറിയിച്ചു. ഇസ്ലാമാബാദിലും ലഹോറിലുമടക്കം ആറിടങ്ങളില്‍ സ്ഫോടനം നടത്തി. പാക്കിസ്ഥാന്‍ വ്യോമപാത പൂര്‍ണമായി അടച്ചു. ഇന്ത്യയ്ക്കെതിരെ ബുര്യാന്‍ ഉള്‍ മറൂസ് സൈനിക ഓപറേഷന്‍ പാക്കിസ്ഥാന്‍ തുടങ്ങിയിട്ടുണ്ട്. പാക് പ്രധാനമന്ത്രി ന്യൂക്ലിയര്‍– മിസൈല്‍ നയത്തില്‍ തീരുമാനമെടുക്കുന്ന നാഷണല്‍ കമാന്‍ഡ് അതോറിറ്റിയുടെ യോഗം വിളിച്ചിരിക്കുകയാണ്.
അതേസമയം, പാക്കിസ്ഥാന്‍ പ്രയോഗിച്ച മിസൈലുകളെല്ലാം ഇന്ത്യയുടെ വ്യോമ പ്രതിരോധസംവിധാനം തകര്‍ത്തു. ഹരിയാനയിലെ സിര്‍സയില്‍ ഡല്‍ഹി ലക്ഷ്യമിട്ടെത്തിയെന്ന് കരുതുന്ന മിസൈലും ഇന്ത്യ തകര്‍ത്തു. ജമ്മു– പഠാന്‍കോട്ട് വ്യോമതാവളങ്ങള്‍ ലക്ഷ്യമിട്ട് പുലര്‍ച്ചെ എത്തിയ പാക് മിസൈലും തകര്‍ത്തിരുന്നു. ജയ്സല്‍മേറിലും ബിക്കാനീറിലും ജലന്ധറിലും സിര്‍സയിലും മിസൈല്‍ ഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ഗുജറാത്തിലെ നാലിയയിലും ഭുജിലുമായി ആറ് പാക് ഡ്രോണുകളും വെടിവച്ചിട്ടു. ചിലത് നിരീക്ഷണഡ്രോണുകളാണ്. അതേസമയം ചിലതില്‍ സ്ഫോടകവസ്തുവെന്ന് സൂചനയുണ്ട്. ജൗരിയില്‍ മണിക്കൂറുകളായി കനത്ത ഷെല്‍ ആക്രമണം തുടരുകയാണ്. പാക് ഷെല്ലിങ്ങില്‍ കശ്മീരിലെ കുപ്‌വാരയില്‍ വീട് തകര്‍ന്നു. പഞ്ചാബിലെ ഫിറോസ്പൂരിലും ബട്ടിന്‍ഡയിലും മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങി. ഗുജറാത്തിലെ കച്ചില്‍ വീടിന് പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.