പാകിസ്ഥാന്‍റെ ആക്രമണങ്ങള്‍ക്കെതിരെ തിരിച്ചടിച്ചെന്ന് സ്ഥിരീകരിച്ച് ഇന്ത്യ. പാക്കിസ്ഥാന്‍റെ നടപടികള്‍ പ്രകോപനമുണ്ടാക്കിയതായും ഇന്ത്യ പ്രതിരോധിക്കുകയും തിരിച്ചടിക്കുകയും ചെയ്തതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി. ഇന്ത്യ നടത്തിയത് നിയന്ത്രിതമായ സ്വയം പ്രതിരോധവും തിരിച്ചടിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാന്‍ ബോധപൂര്‍വം സാധാരണക്കാരെ ലക്ഷ്യമിട്ടെന്നാണ് സേന പറയുന്നത്. കശ്മീരില്‍ ആശുപത്രിയും സ്കൂള്‍ പരിസരവും ആക്രമിക്കാന്‍ ശ്രമിച്ചതായും എന്നാല്‍ ഇന്ത്യ തിരിച്ചടിച്ചത് പാക് ഭാഗത്ത് സിവിലിയന്‍ നാശനഷ്ടം ഇല്ലെന്ന് ഉറപ്പാക്കിയെന്നും സൈന്യം പറഞ്ഞു. ഹീനതന്ത്രം പാക്കിസ്ഥാന്‍ തുടരുന്നുതായും സൈന്യം പറഞ്ഞു.
പാക് മിസൈലുകള്‍ ഇന്ത്യ വീഴ്ത്തിയെന്ന് കേണല്‍ സോഫിയ ഖുറേഷിയും സ്ഥിരീകരിച്ചു. തെളിവായി വിഡിയോ ദൃശ്യങ്ങളും സേന പുറത്തുവിട്ടിട്ടുണ്ട്. യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് പാക്കിസ്ഥാന്‍ ആക്രമിക്കാന്‍ ശ്രമിച്ചു. ചില വ്യോമതാവളങ്ങളില്‍ നേരിയ നാശനഷ്ടം ഉണ്ട്. ഇന്ത്യയുടെ 12 സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പാകിസ്ഥാന്‍ ലക്ഷ്യമിട്ടു. പക്ഷേ അവര്‍ ലക്ഷ്യത്തിലെത്തിയില്ല. ഇന്ത്യ തിരിച്ചടിച്ചെന്നും സോഫിയ ഖുറേഷി പറഞ്ഞു. പഞ്ചാബിലെ വ്യോമതാവളത്തിനുനേരെയുള്ള പാകിസ്ഥാന്‍റെ ഫത്താ മിസൈല്‍ പ്രയോഗവും സ്ഥിരീകരിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ പാക് സേനാവിന്യാസം കൂട്ടുന്നുവെന്നും ഇത് പ്രകോപനപരമായ നടപടിയാണ് ഇന്ത്യ തിരിച്ചടിക്ക് തയാറെന്നും സൈന്യം അറിയിച്ചിട്ടുണ്ട്.
ഇന്ത്യയുടെ സൈനികകേന്ദ്രങ്ങളും വ്യോമതാവളങ്ങളും തകര്‍ത്തെന്നത് പാക്കിസ്ഥാന്‍റെ വ്യാജപ്രചാരണമാണെന്ന് പറഞ്ഞ ഉദ്യോഗസ്ഥര്‍ തെളിവ് കാണിച്ച് നുണ പൊളിക്കുകയും ചെയ്തു. റണ്‍വേകളുടേയും സൈനികരുടേയും തല്‍സമയ ദൃശ്യങ്ങള്‍ പങ്കുവച്ചാണ് ഇന്ത്യ തെളിവ് നിരത്തിയത്. അഫ്ഗാനില്‍ ഇന്ത്യന്‍ മിസൈല്‍ വീണു എന്നതും വ്യാജപ്രചാരണമാണെന്നും പറഞ്ഞു. പ്രതിരോധ–വിദേശകാര്യമന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യയുടെ സൈനിക നടപടികള്‍ വിദേശകാര്യ സെക്രട്ടറി വിദേശകാര്യ സെക്രട്ടറി വിക്രം മശ്രി, കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിങ് എന്നിവർ വിശദീകരിച്ചു.