• പാക്കിസ്ഥാന്‍ സൈനിക മേധാവിയെ മാറ്റും
  • രാജ്നാഥ് സിങ് സേനാമേധാവിമാരുമായി കൂടിക്കാഴ്ച നടത്തും
  • അറബിക്കടലില്‍ സൈനിക അഭ്യാസം

ഇന്ത്യയ്ക്ക് തോക്കുകള്‍ ഉപയോഗിച്ച് മറുപടി നല്‍കുമെന്ന് പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. ഇതുപോലെയുള്ള ഭീഷണികള്‍ മുന്‍പും പാക്കിസ്ഥാന് നേരെ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ നേരിടാന്‍ രാജ്യത്തിന് അറിയാമെന്നും ഖ്വാജ ആസിഫ് അവകാശവാദം മുഴക്കി. ഇന്ത്യയ്ക്കെതിരെ ആണവായുധം വേണ്ടി വന്നാല്‍ പ്രയോഗിക്കുമെന്നായിരുന്നു ഖ്വാജ ആസിഫ് പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പറഞ്ഞത്. എന്നാല്‍ ഓപറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതോടെ തുടരാക്രമണങ്ങള്‍ ഉണ്ടാവരുതെന്നും പാക്കിസ്ഥാന് ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. 

അതേസമയം, സാംബയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെ അതിര്‍ത്തി രക്ഷാസേന തുരത്തി. മൂന്ന് മുതല്‍ ഏഴു ഭീകരര്‍ വരെ സംഘത്തിലുണ്ടായിരുന്നുവെന്നാണ് നിഗമനം. പാക്ക് റേഞ്ചര്‍മാര്‍ ജവാന്‍മാരെ ലക്ഷ്യമിട്ട് വെടിയുതിര്‍ത്തതോടെ ബിഎസ്എഫ് തിരിച്ചടിക്കുകയും ചെയ്തു. പഞ്ചാബിലെ പത്താന്‍കോട്ട്  സെക്ടറില്‍ ഒരു പാക് യുദ്ധവിമാനം സൈന്യം വെടിവച്ചിട്ടതായി സ്ഥിരീകരിച്ചു. അഞ്ച് യുദ്ധവിമാനങ്ങള്‍ കൂടി തകര്‍ത്തുവെന്നും റിപ്പോര്‍ട്ടുണ്ട്. രണ്ട് പാക് പൈലറ്റുമാരെ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ജമ്മുവിലും ഉധംപുറിലും സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ നടത്തിയ നീക്കം ഇന്ത്യ തകര്‍ത്തു. ജലന്ധറില്‍ ആക്രമണം നടത്താനുള്ള നീക്കവും ചെറുത്തു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

പാക് സൈനിക മേധാവി അസീം മുനീറിനെ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. പുതിയ കരസേനാമേധാവിയെ പാക്കിസ്ഥാന്‍ ഉടന്‍ നിയമിച്ചേക്കും. പ്രാണരക്ഷാര്‍ഥം ഉന്നത പാക് ഉദ്യോഗസ്ഥരടക്കം ബഹ്റൈനിലേക്ക് മാറിയതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതിനിടെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇന്ന് സേനാമേധാവിമാരുമായി കൂടിക്കാഴ്ച നടത്തും. രാവിലെ വിദേശകാര്യമന്ത്രാലയം വാര്‍ത്താസമ്മേളനവും പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലില്‍ 13–ാം തീയതിവരെ ഇന്ത്യന്‍ നാവികസേന അഭ്യാസം നടത്തും. ആണവശക്തികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ആശങ്കയുണ്ടെന്ന് യുഎസ് പ്രതികരിച്ചു. ഇന്ത്യ–പാക് സംഘര്‍ഷത്തില്‍ ഇടപെടാനില്ലെന്നും ഏതെങ്കിലും പക്ഷം പിടിക്കുകയോ സൈന്യത്തെ അയയ്ക്കുകയോ ചെയ്യില്ലെന്നും യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി.വാന്‍സ് വ്യക്തമാക്കി. 

ENGLISH SUMMARY:

Following India's Operation Sindoor, Pakistan's Defence Minister Khawaja Asif warns of retaliation with weapons. Meanwhile, BSF foils a major infiltration bid in Samba and shoots down a Pakistani fighter jet in Punjab sector as tensions escalate.

Google Trending Topic: India Pakistan Operation Sindoor