സ്നാനത്തിനിറങ്ങിയപ്പോള്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിത്താണ് മൂന്ന് വിദ്യാര്‍ഥികള്‍. തമിഴ്നാട്ടിലെ തിരുവള്ളൂരിലുള്ള വീരരാഘവ പെരുമാള്‍ ക്ഷേത്രത്തിലാണ് ദാരുണസംഭവമുണ്ടായത്. വേദ പഠനത്തിനെത്തിയ വിദ്യാര്‍ഥികളാണ് ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചത്. ആര്‍. വീരരാഘവന്‍ (24), എസ്. വെങ്കട്രാമന്‍ (17), എം. ഹരിഹരന്‍ (16) എന്നിവരാണ് മരണപ്പെട്ടത്. വിദ്യാര്‍ഥികളുടെ മരണത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അനുശോചനമറിയിച്ചു. ഇവരുടെ കുടുംബത്തിന് മൂന്നുലക്ഷം രൂപവീതം അടിയന്തര ധനസഹായവും പ്രഖ്യാപിച്ചു.
തമിഴ്നാട്ടില്‍ അടുത്തിടെയായി വെള്ളത്തില്‍ മുങ്ങി മരണപ്പെടുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ടുകളെത്തുന്നുണ്ട്. ഒരാഴ്ച മുന്‍പാണ് നാലു വയസ്സുള്ള കുട്ടി കിണ്ടര്‍ഗാര്‍ഡനിലെ വാട്ടര്‍ടാങ്കില്‍ വീണ് മരിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തത്. മധുരയിലായിരുന്നു സംഭവം. വേനലവധിക്കാലത്ത് പ്രത്യേക പരിപാടികള്‍ നടക്കുമ്പോഴാണ് ദാരുണസംഭവമുണ്ടായത്. അരുദ്രശ്രീ എന്ന കുട്ടിയാണ് വെള്ളത്തില്‍ മുങ്ങിമരിച്ചത്. മൂന്നുമാസങ്ങള്‍ക്ക് മുന്‍പ് വില്ലുപുരത്ത് നാലു വയസ്സുകാരി സ്കൂളിലെ സെപ്റ്റിക് ടാങ്കില്‍ വീണുമരിച്ചിരുന്നു.