Missiles streak across the city sky, in Jammu
പാകിസ്ഥാന്‍റെ വ്യാപക ആക്രമണത്തിന് ഇന്ത്യ കനത്ത തിരിച്ചടി നല്‍കിക്കൊണ്ടിരിക്കെ സമൂഹമാധ്യമങ്ങളിലടക്കം ആക്രമണത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്. ഒന്നിലധികം റോക്കറ്റുകൾ ആകാശത്തുകൂടി പായുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അതേസമയം ജമ്മുവിലേത് ഹമാസ് ശൈലിയിലുള്ള മിസൈല്‍ ആക്രമണമെന്ന് പ്രതിരോധമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം പാക് അധീന കശ്മീരില്‍ ഹമാസ് നേതൃത്വവും ഐഎസ്ഐ നേതൃത്വവും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതായും ഇന്റലിജൻസ് റിപ്പോര്‍ട്ടുകള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്താണ് കൂടിക്കാഴ്ചയിലെ വിഷയം എന്ന് വ്യക്തമായിട്ടില്ല.
നേരത്തെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ ഹമാസിന്‍റെ കൈകളുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഇസ്രയേല്‍ പ്രതികരിച്ചിരുന്നു. ഇന്ത്യയിലെ ഇസ്രയേല്‍ പ്രതിനിധി റൂവന്‍ അസറാണ് പഹല്‍ഗാമിലെ ഭീകരാക്രമണത്തെ ഹമാസ് ഇസ്രയേലില്‍ നടത്തിയ മിന്നലാക്രമണത്തോട് ഉപമിച്ചത്. രണ്ട് ആക്രമണങ്ങളും തമ്മില്‍ സമാനതകള്‍ ഉണ്ടെന്നും സാധാരണ പൗരന്‍മാരെയാണ് ഇവര്‍ കൊന്നൊടുക്കിയതെന്നും ഭീകരസംഘടനകളുടെ വര്‍ധിച്ചുവരുന്ന സഹകരണത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തെ പാകിസ്ഥാന്‍ ആക്രമണത്തെയും ഹമാസ് ശൈലിയിലെന്ന് താരതമ്യം ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
അതേസമയം പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടിരിക്കുകയാണ് ഇന്ത്യ. പാക്കിസ്ഥാനിലെ നാലു നഗരങ്ങളില്‍ ഇന്ത്യയുടെ ശക്തമായ തിരിച്ചടി. ലഹോറിലും ഇസ്‌ലമാബാദിലും കറാച്ചിയിലും സിയാല്‍കോട്ടിലുമാണ് ആക്രമണം നടന്നത്. ലഹോറില്‍ ഡ്രോണ്‍ ആക്രമണമാണ് നടത്തിയത്. പാക്ക് പഞ്ചാബിലെയും വ്യോമ മുന്നറിയിപ്പ് സംവിധാനം തകര്‍ത്തു. സര്‍ഗോധയിലും ഫൈസ്‌ലാബാദിലും വ്യോമ പ്രതിരോധസംവിധാനം തകര്‍ത്തു. പഞ്ചാബിലെ ആദംപുര്‍ എയര്‍ബേസിനു നേരെയും പാക് ആക്രമണനീക്കമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഉധംപുരില്‍ പാക്കിസ്ഥാന്‍ ആക്രമണനീക്കമുണ്ടായി. പത്താന്‍കോട്ട് എയര്‍ഫോഴ്സ് സ്റ്റേഷനുസമീപവും വന്‍ ശബ്ദം കേട്ടതായി റിപ്പോര്‍ട്ടുണ്ട്.