പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യന്‍ സൈന്യത്തിനും നന്ദി പറഞ്ഞ് പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഭര്‍ത്താവിനെ നഷ്ടമായ ഹിമാന്‍ഷി നര്‍വാള്‍. പാക്കിസ്ഥാന്‍ അര്‍ഹിക്കുന്ന മറുപടിയാണ് ഇപ്പോള്‍ അവര്‍ക്ക് ലഭിച്ചിരിക്കുന്നത്. സാധാരണക്കാരായ 26 പേരെ ക്രൂരമായി കൊലപ്പെടുത്തിയവര്‍ക്ക് ശക്തമായ സന്ദേശമാണ് ഇതിലൂടെ ഇന്ത്യ നല്‍കിയിരിക്കുന്നത്. ജീവനുവേണ്ടി കേണപേക്ഷിച്ചപ്പോള്‍ മോദിയോട് പോയി പറയൂ എന്നാണ് അവര്‍ പറഞ്ഞത്. അതിനുള്ള മറുപടി അവര്‍ക്ക് കിട്ടിയെന്നും ഹിമാന്‍ഷി പ്രതികരിച്ചു.
‘ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ആറുദിവസമായിട്ടേയുള്ളൂവെന്ന് അവരോട് കരഞ്ഞുപറഞ്ഞതാണ്. ഒന്നും ചെയ്യരുതേയെന്ന് ഭീകരരോട് കേണപേക്ഷിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞത് പോയി മോദിയോട് പറയൂ എന്നാണ്. ഇന്ന് അതിനുള്ള മറുപടി മോദിജിയും ഇന്ത്യന്‍ സൈന്യവും കൊടുത്തു കഴിഞ്ഞു. പഹല്‍ഗാം ആക്രമണത്തിന് പകരംചോദിക്കാനായി എന്നതില്‍ സന്തോഷമുണ്ട്. പക്ഷേ വിനയ് അടക്കം 26 പേര്‍ നമുക്കൊപ്പമില്ലല്ലോ എന്ന വിഷമമുണ്ട്’ എന്നും ഹിമാന്‍ഷി കൂട്ടിച്ചേര്‍ത്തു.
നേരത്തെ പഹല്‍ഗാം ആക്രമണത്തിന്‍റെ പേരില്‍ ആരും മുസ്ലിംങ്ങൾക്കോ കശ്മീരികള്‍ക്കോ എതിരാകുന്നത് ആഗ്രഹിക്കുന്നില്ല എന്നു പറഞ്ഞതിന് കടുത്ത സൈബര്‍ ആക്രമണമാണ് ഹിമാന്‍ഷിക്കെതിരെയുണ്ടായത്. വലിയ തരത്തിലുള്ള അധിക്ഷേപ പരാമര്‍ശങ്ങളും വ്യക്തിജീവിതത്തെക്കുറിച്ച് മോശം പരാമർശങ്ങളുമാണ് ഹിമാന്‍ഷിക്ക് ഏറ്റുവാങ്ങേണ്ടതായി വന്നത്. ഭര്‍ത്താവിന്‍റെ പെന്‍ഷന്‍ പോലും ലഭിക്കാനുള്ള അര്‍ഹത ഹിമാന്‍ഷിക്ക് ഇല്ലെന്നുമുള്ള അധിക്ഷേപങ്ങളടക്കമുണ്ടായി. ALSO READ; ‘പെന്‍ഷന്‍ പോലും കൊടുക്കരുത്’; പഹല്‍ഗാമില്‍ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥന്‍റെ ഭാര്യയ്ക്ക് നേരെ സൈബര്‍ ആക്രമണം
‘രാജ്യം മുഴുവന്‍ അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിക്കണമെന്നാണ് എന്‍റെ ആഗ്രഹം. അദ്ദേഹം എവിടെയായിരുന്നാലും സന്തോഷവാനായും ആരോഗ്യവാനായും തുടരണം. ഇതിന്‍റെ പേരില്‍ ആളുകള്‍ മുസ്ലീങ്ങള്‍ക്കോ കശ്മീരികള്‍ക്കോ എതിരേ തിരിയുന്നത് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ക്ക് സമാധാനം മതി. സമാധാനം മാത്രം. പക്ഷേ, തീര്‍ച്ചയായും ഞങ്ങള്‍ക്ക് നീതി ലഭിക്കണം’ എന്നായിരുന്നു ഹിമാന്‍ഷി പറഞ്ഞത്. പിന്നാലെയാണ് കടുത്ത സൈബര്‍ ആക്രമണമുണ്ടായത്.
തന്‍റെ വാക്കുകള്‍ പലരും വളച്ചൊടിക്കുകയായിരുന്നു. അത് തന്നെ ഒരുപാട് വേദനിപ്പിച്ചുവെന്ന് ഹിമാന്‍ഷി വ്യക്തമാക്കി. താനൊരു ധീരസൈനികന്‍റെ ഭാര്യയാണ്. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിനുശേഷം രണ്ടു മണിക്കൂറോളം ഒറ്റയ്ക്ക് അവിടെയിരുന്നു. ഒറ്റയ്ക്കായിരുന്നോ എന്ന് ചോദിച്ചാല്‍ ഒപ്പമുണ്ടായിരുന്നത് എന്നെപ്പോലെയുള്ള 26 സഹോദരിമാരായിരുന്നു, സ്ത്രീകളായിരുന്നു എന്ന് ഹിമാന്‍ഷി പറയുന്നു. ഞങ്ങളുടെ വേദന സര്‍ക്കാരും സൈന്യവും തിരിച്ചറിയുമെന്നും അതിന് മറുപടി കൊടുക്കുമെന്നും ഉറപ്പായിരുന്നു. അവരത് ചെയ്തു. ഇന്ത്യന്‍ അഭിമാനം ഉയര്‍ത്തിപിടിക്കാനായി എന്നും ഹിമാന്‍ഷി കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ 16 നായിരുന്നു കൊച്ചിയില്‍ നാവികസേന ഉദ്യോഗസ്ഥനായ വിനയ് നര്‍വാളിന്‍റെയും ഹിമാംശിയുടെയും വിവാഹം. വിവാഹം കഴിഞ്ഞ് ആറാംദിവസം ഹണിമൂണിനിടെയാണ് പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ ഹിമാന്‍ഷിയുടെ കണ്‍മുന്നില്‍ വിനയ് നര്‍വാളിനെ ഭീകരര്‍ വെടിവച്ചിട്ടത്. ഭർത്താവിന്‍റെ മൃതദേഹത്തിനരികിൽ തകര്‍ന്നിരിക്കുന്ന ഹിമാന്‍ഷി നര്‍വാളിന്‍റെ ചിത്രം രാജ്യത്തെ ഒന്നാകെ നൊമ്പരപ്പെടുത്തിയ ഒന്നായിരുന്നു. ഗുരുഗ്രാം സ്വദേശിയായ ഹിമാന്‍ഷി ഗവേഷക വിദ്യാര്‍ഥിയാണ്.