himanshi-vinay-narwal

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നാവികസേന ഉദ്യോഗസ്ഥന്‍ വിനയ് നർവാളിന്‍റെ ഭാര്യ ഹിമാൻഷി നർവാളിനെതിരെ സൈബര്‍ ആക്രമണം. പഹല്‍ഗാം ആക്രമണത്തിന്‍റെ പേരില്‍ ആരും മുസ്ലിംങ്ങൾക്കോ കശ്മീരികള്‍ക്കോ എതിരാകുന്നത് തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഹിമാന്‍ഷിക്കെതിരെ സൈബര്‍ ആക്രമണവുമായി ഒരു വിഭാഗം രംഗത്തെത്തിയത്. വലിയ തരത്തിലുള്ള അധിക്ഷേപ പരാമര്‍ശങ്ങളും വ്യക്തിജീവിതത്തെക്കുറിച്ച് മോശം പരാമർശങ്ങളുമാണ് ഹിമാന്‍ഷിക്ക് ഏറ്റുവാങ്ങേണ്ടതായി വന്നത്. ഭര്‍ത്താവിന്‍റെ പെന്‍ഷന്‍ പോലും ലഭിക്കാനുള്ള അര്‍ഹത ഹിമാന്‍ഷിക്ക് ഇല്ലെന്നുമുള്ള അധിക്ഷേപങ്ങളും സോഷ്യല്‍മീഡിയയിലുണ്ട്. 

വിനയ്‌യുടെ മൃതദേഹത്തിനരികെ പൊട്ടിക്കരയുന്ന ഭാര്യ ഹിമാന്‍ഷി

വിനയ്‌യുടെ മൃതദേഹത്തിനരികെ പൊട്ടിക്കരയുന്ന ഭാര്യ ഹിമാന്‍ഷി

പഹല്‍ഗാം ആക്രമണത്തിന്റെ പേരില്‍ ആരും മുസ്ലിംങ്ങൾക്കോ കശ്മീരികള്‍ക്കോ എതിരാകുന്നത് തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ഹിമാന്‍ഷിയുടെ വാക്കുകള്‍. ‘രാജ്യം മുഴുവന്‍ അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിക്കണമെന്നാണ് എന്‍റെ ആഗ്രഹം. അദ്ദേഹം എവിടെയായിരുന്നാലും സന്തോഷവാനായും ആരോഗ്യവാനായും തുടരണം. ഇതിന്‍റെ പേരില്‍ ആളുകള്‍ മുസ്ലീങ്ങള്‍ക്കോ കശ്മീരികള്‍ക്കോ എതിരേ തിരിയുന്നത് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ക്ക് സമാധാനം മതി. സമാധാനം മാത്രം. പക്ഷേ, തീര്‍ച്ചയായും ഞങ്ങള്‍ക്ക് നീതി ലഭിക്കണം’ ഗവേഷക വിദ്യാര്‍ഥിനിയും ഗുരുഗ്രാം സ്വദേശിയുമായ ഹിമാംശി മാധ്യമങ്ങളോട് പറഞ്ഞു. വിനയ് നര്‍വാളിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ സ്വദേശമായ കര്‍ണാലില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഹിമാന്‍ഷി.

പിന്നാലെ ഹിമാന്‍ഷിക്കെതിരായുള്ള ശക്തമായ സൈബര്‍ ആക്രമണത്തെ അപലപിച്ച് വനിതാ കമ്മീഷൻ രംഗത്തെത്തിയിട്ടുണ്ട്. അഭിപ്രായങ്ങളുടെ പേരിൽ ഹിമാന്‍ഷിയെ ലക്ഷ്യമിടുന്നത് അപലപനീയവും നിർഭാഗ്യകരവുമാണെന്ന് വനിതാ കമ്മീഷൻ പറഞ്ഞു. ഒരു സ്ത്രീ അഭിപ്രായം പറഞ്ഞതിന്‍റെ പേരില്‍ അവരെ ലക്ഷ്യം വയ്ക്കുന്നതോ അവരുടെ വ്യക്തിജീവിതത്തെക്കുറിച്ച് ട്രോളുന്നതോ ഒട്ടും സ്വീകാര്യമല്ലെന്നും വനിതാ കമ്മീഷന്‍ എക്സില്‍ കുറിച്ചു. യോജിപ്പോ വിയോജിപ്പോ, എന്തായാലും മാന്യമായും ഭരണഘടനാ പരിധിക്കുള്ളിലും പ്രകടിപ്പിക്കേണ്ടതാണ്. ഏത് സ്ത്രീയുടെയും ബഹുമാനവും അന്തസ്സും സംരക്ഷിക്കാൻ ദേശീയ വനിതാ കമ്മീഷൻ പ്രതിജ്ഞാബദ്ധമാണെന്നും പാനല്‍ പറഞ്ഞു. അതേസമയം ഹിമാന്‍ഷിക്ക് വലിയ പിന്തുണയും സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നുണ്ട്. സമാധാനത്തിനും ഐക്യത്തിനുമുള്ള ആഹ്വാനമായിട്ടാണ് ഹിമാന്‍ഷിയുടെ വാക്കുകള്‍ സോഷ്യല്‍മീഡിയ ഏറ്റെടുക്കുന്നത്. 

lt-vinay-narwal

കൊല്ലപ്പെട്ട നാവികസേന ഉദ്യോഗസ്ഥന്‍ വിനയ് നർവാള്‍

ഏപ്രില്‍ 16 നായിരുന്നു കൊച്ചിയില്‍ നാവികസേന ഉദ്യോഗസ്ഥനായ വിനയ് നര്‍വാളിന്റെയും ഹിമാംശിയുടെയും വിവാഹം. വിവാഹം കഴിഞ്ഞ് ആറാംദിവസം ഹണിമൂണിനിടെയാണ് പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ വിനയ് നര്‍വാള്‍ ഭാര്യയുടെ കണ്മുന്നില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഭർത്താവിന്‍റെ മൃതദേഹത്തിനരികിൽ തകര്‍ന്നിരിക്കുന്ന ഹിമാന്‍ഷി നര്‍വാളിന്‍റെ ചിത്രം രാജ്യത്തെ ഒന്നാകെ നൊമ്പരപ്പെടുത്തിയ ചിത്രമായിരുന്നു. വിനയ് നര്‍വാള്‍ ഉള്‍പ്പെടെ 26 പേര്‍ക്കാണ് രാജ്യം നടുങ്ങിയ പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായത്.

ENGLISH SUMMARY:

Himanshi Narwal, wife of Navy officer Vinay Narwal who was killed in the Pahalgam terror attack during their honeymoon, is facing cyberbullying for stating that she does not wish for hatred against Muslims or Kashmiris. Despite her plea for peace and justice, she has been targeted online with personal insults and false claims. The National Commission for Women condemned the attacks, while social media has also seen a wave of support for Himanshi’s message of unity.