പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ മറുപടി നല്‍കിയപ്പോള്‍ ഇപ്പോള്‍ ഇത് വേണ്ടായിരുന്നു എന്നുപറഞ്ഞ് കണ്ണീരോടെ കാത്തിരിപ്പ് തുടരുകയാണ് ഒരു കുടുംബം. ഹൂഗ്ലി സ്വദേശിയായ പൂര്‍ണം കുമാര്‍ ഷാ (40) എന്ന ബിഎസ്എഫ് ഓഫീസറുടെ ഗര്‍ഭിണിയായ ഭാര്യയും ബന്ധുമിത്രാധികളുമാണ് പൂര്‍ണം തിരിച്ചുവന്നിട്ടു മതിയായിരുന്നു ഇന്ത്യയുടെ തിരിച്ചടി എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഏപ്രില്‍ 23ന് പാക്കിസ്ഥാന്‍ റേഞ്ചര്‍മാരുടെ പിടിയിലായ ജവാനെ തിരികെ ഇന്ത്യയില്‍ എത്തിക്കാനായിട്ടില്ല. പഹല്‍ഗാം ഭീകരാക്രമണം നടന്നതിനു തൊട്ടടുത്ത ദിവസമാണ് പൂര്‍ണം പാക് റേഞ്ചര്‍മാരുടെ പിടിയിലായത്. പഞ്ചാബിലെ ഫിറോസ്പുരില്‍ നിന്ന് അബദ്ധത്തില്‍ ജവാന്‍ അതിര്‍ത്തി കടക്കുകയായിരുന്നു. അദ്ദേഹത്തെ തിരികെ കൊണ്ടുവരാന്‍ വേണ്ട നടപടിക്രമങ്ങള്‍ ഇന്ത്യ നടത്തുന്നതായ റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. ജവാന്‍റെ ഭാര്യ രജനി ഷാ പത്താന്‍കോട്ടിലും ഫിറോസ്പുരിലും നേരിട്ടെത്തി ബിഎസ്എഫ് കമാന്‍റര്‍മാരോട് തന്‍റെ ഭര്‍ത്താവിന്‍റെ മോചനത്തെക്കുറിച്ച് സംസാരിച്ചിരുന്നു. എന്നാലിപ്പോള്‍ പ്രതീക്ഷകളെല്ലാം അസ്തമിച്ചു എന്നാണ് രജനി പറയുന്നത്.
‘രണ്ട് പാക്കിസ്ഥാനി റേഞ്ചര്‍മാര്‍ ഇന്ത്യയുടെ പിടിയിലായി എന്ന വിവരം രണ്ടുദിവസം മുന്‍പ് ലഭിച്ചപ്പോള്‍ ആശ്വാസം തോന്നി. എന്‍റെ ഭർത്താവിനെ മോചിപ്പിക്കാനാകും എന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാലിപ്പോള്‍ എനിക്ക് ഭയമാണ്. യുദ്ധസമാനമായ സാഹചര്യമാണ് നിലവില്‍. എന്‍റെ പ്രതീക്ഷകളെല്ലാം അസ്തമിക്കുകയാണ്. ഇത് ഉടനെയൊന്നും തീരാന്‍ പോകുന്നില്ല’ എന്നുപറഞ്ഞ് വിലപിക്കുകയാണ് രജനി. മൂന്നുമാസം ഗര്‍ഭിണിയാണിവര്‍.
ബിഎസ്എഫ് കമാന്‍റര്‍മാരെ കണ്ട് മടങ്ങിയപ്പോള്‍ രജനിയും കുടുംബവും വളരെയധികം ആശ്വാസത്തിലായിരുന്നു. പൂര്‍ണത്തെ എങ്ങനെയും തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുമെന്ന വാക്ക് അവര്‍ക്ക് നല്‍കിയ പ്രതീക്ഷ ചെറുതായിരുന്നില്ല. എന്നാലിപ്പോള്‍ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. മുഖ്യമന്ത്രി മമത ബാനര്‍ജിയെ നേരിട്ടുകണ്ട് കാര്യങ്ങള്‍ അവതരിപ്പിക്കണമെന്നും രജനി പറയുന്നു.
‘എല്ലാവരും പറയുന്നത് അദ്ദേഹം രക്ഷപ്പെടാന്‍ സാധ്യത വിരളമാണെന്നാണ്. ആരും എന്‍റെ ഭര്‍ത്താവിനെക്കുറിച്ച് ആലോചിക്കുന്നില്ല. കഴിഞ്ഞദിവസം ബിഎസ്എഫ് കമാന്‍റര്‍മാരെ കണ്ടപ്പോള്‍ അവര്‍ എന്‍റെ ഫോണ്‍ നമ്പരടക്കം വാങ്ങിവച്ചതാണ്. എന്നിലിതുവരെ ഒന്ന് വിളിച്ച് അന്വേഷിച്ചിട്ടില്ല. മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ പറയണം. മുഖ്യമന്ത്രി എങ്ങനെയെങ്കിലും സഹായിക്കുമെന്ന ഉറപ്പുണ്ട്. പ്രധാന പ്രശ്നം നിലവില്‍ എന്‍റെ ഭര്‍ത്താവ് ഇന്ത്യയിലല്ല എന്നുള്ളതാണ്.
പഹല്‍ഗാമില്‍ സംഭവിച്ചത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. തിരിച്ചടിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നതും സ്വഭാവികം. എന്‍റെ ഭര്‍ത്താവ് അവരുടെ കയ്യില്‍പെട്ടില്ലായിരുന്നുവെങ്കില്‍ ഞാനും അതുതന്നെയാകും പറഞ്ഞിരിക്കുക. പക്ഷേ ഇപ്പോള്‍ എന്ത് പറയണം, എന്ത് ചെയ്യണം എന്നുപോലും എനിക്കറിയില്ല. നെഞ്ചുരുകി പ്രാര്‍ഥിക്കുന്നുണ്ട്. അദ്ദേഹം സുരക്ഷിതനായി തിരിച്ചെത്തണം’ എന്നാണ് രജനിയുടെ പ്രതികരണം.