DelhiMeeting

ഓപ്പറേഷന്‍ സിന്ദൂറിന്‍റെ വിശദാംശങ്ങള്‍ രാഷ്ട്രപതിയെ കണ്ട് വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയും മന്ത്രിസഭാ യോഗവും ചേര്‍ന്ന് സ്ഥിതി വിലയിരുത്തി.  ആഭ്യന്തര മന്ത്രി അമിത് ഷാ അതിര്‍ത്തി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി. നാളെ സര്‍വകക്ഷി യോഗംചേരും.

രാവിലെ മുതല്‍ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകളായിരുന്നു. രാവിലെ സംയുക്ത സേനാമേധാവി പ്രതിരോധമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പിന്നാലെ സുരക്ഷാകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയും മന്ത്രിസഭാ യോഗവും. ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ സൈന്യത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. തുടര്‍ന്ന് രാഷ്ട്രപതിഭവനിലേക്ക്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ നേരില്‍ക്കണ്ട് സ്ഥിതിഗതികള്‍ വിശദീകരിച്ചു. പാക്കിസ്ഥാന്‍റെ ഭാഗത്തുനിന്ന് തിരിച്ചടി ഉണ്ടാകുമെന്ന സൂചനകള്‍ക്കിടെയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ അതിര്‍ത്തി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത്, യു.പി., ബിഹാര്‍, സിക്കിം, ബംഗാള്‍ മുഖ്യമന്ത്രിമാര്‍ പങ്കെടുത്തു. ലഡാക്ക് ജമ്മു കശ്മീര്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍മാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥറും എത്തിയിരുന്നു. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയുമായി അമിത് ഷാ പ്രത്യേകം ചര്‍ച്ചനടത്തി. നാളെ രാവിലെ 11 ന് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു എന്നിവർ കക്ഷി നേതാക്കളെ സ്ഥിതിഗതികള്‍ അറിയിക്കും. വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളുമായി വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരും കൂടിക്കാഴ്ച നടത്തുന്നുണ്ട്

ENGLISH SUMMARY:

Prime Minister Narendra Modi briefed the President on the details of Operation Sindoor. The Cabinet Committee on Security and the Union Cabinet convened to assess the situation. Home Minister Amit Shah held discussions with Chief Ministers of border states. An all-party meeting is scheduled for tomorrow.