FILE PHOTO: Indian Air Force's Rafale fighter jets fly past during the "Aero India 2021" air show at Yelahanka air base in Bengaluru, India, February 3, 2021. REUTERS/Samuel Rajkumar/File Photo
പഹല്‍ഗാമിന് തിരിച്ചടിയായി നടത്തിയ ആക്രമണത്തില്‍ ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഇന്ത്യ ഉപയോഗിച്ചത് സ്കാല്‍പ് മിസൈലുകളും ഹാമര്‍ ബോംബുകളും. റഫാല്‍ വിമാനത്തില്‍ നിന്നാണ് ക്രൂസ് മിസൈലുകള്‍ തൊടുത്തതെന്നും ഉന്നത സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ബഹവല്‍പുര്‍, മുരിദ്കെ, ഗുല്‍പുര്‍, ഭിംബര്‍, ചക് അമ്റു, ബാഗ്, കോട്ലി, സിയാല്‍കോട്, മുസാഫറാബാദ് എന്നിവിടങ്ങളിലെ ഒന്‍പത് ഭീകരത്താവളങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. ബഹവല്‍പുറിലെ ജയ്ഷെ ക്യാംപുകളും മുരിദിലെ ലഷ്കര്‍ കേന്ദ്രവുമായിരുന്നു പ്രധാന ലക്ഷ്യം.
പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികള്‍ തല്‍സമയം വീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ യഥാസമയം വിവരങ്ങള്‍ കൈമാറിയെന്നും റിപ്പോര്‍ട്ടുണ്ട്. പാക് അധീന കശ്മീരില്‍ നടത്തിയ തിരിച്ചടിയെ കുറിച്ച് രാവിലെ പത്തരയോടെ ഇന്ത്യ ഔദ്യോഗികമായി വിശദീകരിക്കും.
നിയന്ത്രണരേഖയ്ക്ക് തൊട്ടരികെയുള്ള മുസാഫറബാദ് ലഷ്കര്‍ ഭീകരരുടെയും ഭീകരക്യാപുകളുടെയും കൂടി കേന്ദ്രമാണ്. ലഹോറില്‍ നിന്ന് 30 കിലോമീറ്റര്‍ മാത്രം അകലെയുള്ള മുരിദ്കെ , ലഷ്കര്‍ തലവന്‍ ഹാഫിസ് സയീദിന്‍റെ കേന്ദ്രവുമാണ്. ബഹവല്‍പുറാവട്ടെ ജയ്ഷെയുടെ തന്ത്രപ്രധാന കേന്ദ്രവും. ഈ ഭീകരകേന്ദ്രങ്ങളെല്ലാം സൈന്യം തകര്‍ത്തുവെന്നും ഹമാസ് കമാന്‍ഡര്‍ ഖാലിദ് ഖയൂമിയും റൗഫ് അസ്ഗറും കൂടിക്കാഴ്ച നടത്തിയ കെട്ടിടമുള്‍പ്പടെ സൈന്യം നശിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. പഹല്‍ഗാം ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പാക് അധീന കശ്മീരിലെ ഈ കേന്ദ്രത്തില്‍ വച്ച് ഹമാസ് നേതാക്കള്‍ ഭീകരരുമായി കൂടിക്കാഴ്ച നടത്തിയത്.