പാക്കിസ്ഥാനിലെ ഭീകര ക്യാംപുകളില്‍ തീമഴ പെയ്യിക്കാന്‍ സേനകള്‍ നടത്തിയത് 12 ദിവസത്തെ ആസൂത്രണം. റഫാല്‍ യുദ്ധവിമാനങ്ങളില്‍നിന്നുള്ള സ്‌കാല്‍പ് ക്രൂസ് മിസൈലുകളും ഹാമര്‍ ബോംബുകളും ഭീകരര്‍ക്കെതിരെ പ്രയോഗിച്ചു. ഇന്ത്യയുടെ മിസൈല്‍ ആക്രമണത്തിന്‍റെ ആസൂത്രണം ഇങ്ങനെ. രാജ്യവ്യാപകമായുള്ള മോക് ഡ്രില്ലിലും വ്യോമസേനയുടെ അതിര്‍ത്തിയിലെ അഭ്യാസത്തിലും കണ്ണൂം കാതും പാക് സേനകള്‍ അര്‍പ്പിച്ചപ്പോള്‍ രാത്രി 25 മിനിറ്റ് മാത്രം നീണ്ട എയര്‍ റെയ്ഡുമായി ഇന്ത്യയുടെ തന്ത്രം. പഹല്‍ഗാമിലൂടെ രാജ്യത്ത് കണ്ണീര് വീഴ്‌ത്തിയ ഭീകരരെ പ്രഹരിക്കാന്‍ ലോകത്തിന്‍റെ ഏത് അറ്റം വരെയും പോകുമെന്ന് പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ദൗത്യത്തിന് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ടതും പ്രധാനമന്ത്രി തന്നെ.

തിരിച്ചടിക്കാന്‍ സായുധസേനകള്‍ക്ക് പ്രധാനമന്ത്രി പൂര്‍ണ സ്വാതന്ത്ര്യം നല്‍കി. പ്രതിരോധമന്ത്രിയും സംയുക്തസേനാ മേധാവിയുടെയും മൂന്ന് സായുധസേനാ മേധാവിമാരുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്‍റെ നേതൃത്വത്തില്‍ തുടരെയുള്ള ഉന്നതതല യോഗങ്ങള്‍. ആക്രമിക്കേണ്ട ഭീകര ക്യാപുകള്‍ തീരുമാനിക്കുന്നു. രാജസ്ഥാന്‍റെ അതിര് മുതല്‍ പാക് അധീന ജമ്മു കശ്മീരിലേത് ഉള്‍പ്പെടെ ഒന്‍പത് ക്യാംപുകള്‍ ലക്ഷ്യമിട്ടു. ആയുധങ്ങള്‍ ഏതൊക്കെ വേണമെന്നും വ്യോമസേനാ, കരസേനാ തലത്തില്‍ തീരുമാനം. റഫാലെന്ന ലോകത്തെ ഏറ്റവും മികച്ച യുദ്ധവിമാനം ആക്രമിക്കാന്‍ തിരഞ്ഞെടുത്തു.

വലിയ കെട്ടിടങ്ങളും ബങ്കറുകളും തകര്‍ക്കാന്‍ ശേഷിയുള്ള ഹാമര്‍ ബോംബുകള്‍ വര്‍ഷിക്കാനും, റഫാലില്‍ തന്നെയുള്ള സ്കാല്‍പ് ക്രൂസ് മിസൈലുകള്‍ പ്രയോഗിക്കാനും തീരുമാനം. 250 കിലോമീറ്റര്‍ വരെ ദൂരപരിധിയുണ്ട് സ്കാല്‍പ് ക്രൂസ് മിസൈലുകള്‍ക്ക്. ഓരോ റഫാലിലും പരമാവധി രണ്ട് സ്കാല്‍പ് ക്രൂസ് മിസൈലുകള്‍ വഹിക്കാം. തൊടുത്ത് കഴിഞ്ഞാല്‍ ജിപിഎസും മുന്‍കൂട്ടി കോഡ് ചെയ്ത വിവരങ്ങള്‍ അനുസരിച്ച് സഞ്ചരിച്ച് മിസൈലുകള്‍ ആക്രമണം നടത്തും. ഫ്രാന്‍സുമായി 2016ല്‍ ഒപ്പുവച്ച കരാര്‍ പ്രകാരം റഫാല്‍ യുദ്ധവിമാനങ്ങളില്‍ ഈ മിസൈസുകള്‍ ഘടിപ്പിച്ചാണ് ഇന്ത്യയിലെത്തിച്ചത്.

ലക്ഷ്യങ്ങളും ആയുധങ്ങളും തിരഞ്ഞെടുത്തതോടെ, ആക്രമണത്തിനുള്ള മണിക്കൂറുകള്‍ക്ക് കൗണ്ട് ഡൗണ്‍. സ്ഥിതിഗതികള്‍ തല്‍സമയം നിരീക്ഷിച്ച് പ്രധാനമന്ത്രി. പ്രതിരോധമന്ത്രാലയം സ്ഥിതി ചെയ്യുന്ന സൗത്ത് ബ്ലോക്കിലെ സിറ്റുവേഷന്‍ റൂമില്‍ സായുധസേനാ മേധാവിമാരും സംയുക്ത സേനാ മേധാവിയും പുലര്‍ച്ചെ മൂന്നുമണിവരെ തുടര്‍ന്നു. ആക്രമണത്തിന് ചാര നിരീക്ഷണ ഉപകരണങ്ങളുടെ സഹായവും രാജ്യത്തിനൊപ്പമുണ്ടായിരുന്നു. മേയ് ഏഴ് രാത്രി 1.05 മുതല്‍ 1.30 വരെ നീണ്ട ആക്രമണം. ഓപ്പറേഷന്‍ സിന്ദൂര്‍ വിജയം. ഉറിക്ക് പകരമുള്ള സര്‍ജിക്കല്‍ സ്ട്രൈക്കോ, പുല്‍വാമയ്ക്ക് പകരമുള്ള ബാലാകോട്ട് ആക്രമണമോ പോലയല്ലിത്. പാക് മണ്ണില്‍ കിലോമീറ്ററുകള്‍ ഉള്ളില്‍ കടന്ന് ഒന്‍പത് ഭീകര ലക്ഷ്യങ്ങള്‍ മുച്ചൂട് തകര്‍ത്ത വന്‍ ആക്രമണം. നേരിട്ട് ഇടപെട്ടത് വ്യോമസേനയും കരസേനയും ആണെങ്കിലും അറബിക്കടലില്‍ നാവികസേനയും സര്‍വസന്നാഹത്തോടെ തയാര്‍.

ENGLISH SUMMARY:

The Indian forces executed a 12-day-long plan to unleash a rain of fire on terror camps in Pakistan. SCALP cruise missiles and HAMMER bombs were launched from Rafale fighter jets against terrorist targets. This is how India meticulously planned its missile strike. While Pakistan's forces were distracted by nationwide mock drills and air force exercises along the border, India carried out a precise 25-minute air raid during the night. Prime Minister Narendra Modi had earlier warned that India would pursue terrorists to the ends of the earth following the tears shed in the nation due to the Pahalgam attack. The name Operation Sindoor was personally given by the Prime Minister.