തന്‍റെ ഇരട്ടക്കുഞ്ഞുങ്ങള്‍ മരിക്കാന്‍ കാരണം ഡോക്ടറുടെ വിഡിയോകോള്‍ വഴിയുള്ള ചികിത്സയെന്ന ആരോപണവുമായി യുവതി രംഗത്ത്. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ എലിമിനേട് സ്വദേശിയായ ബാട്ടി കീര്‍ത്തിയാണ് വിജയലക്ഷ്മി ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയത്. വിവാഹം കഴിഞ്ഞ് ഏഴുവര്‍ഷങ്ങള്‍ക്കു ശേഷമാണ് കീര്‍ത്തി ഗര്‍ഭിണിയായത്. ഡോ അനുഷ റെഡ്ഡിയുടെ കീഴില്‍ നടത്തിയ ഐവിഎഫ് ചികിത്സയിലൂടെയാണ് കീര്‍ത്തി ഗര്‍ഭം ധരിച്ചത്.
അഞ്ചുമാസം മുന്‍പ് ഗര്‍ഭിണിയായ കീര്‍ത്തിയുടെ സെര്‍വിക്സിനുവന്ന ബലക്കുറവിനെത്തുടര്‍ന്ന് സ്റ്റിച്ച് ഇട്ടിരുന്നതായും കീര്‍ത്തിയോട് ബെഡ്റെസ്റ്റ് വേണമെന്ന് ആവശ്യപ്പെട്ടതായും ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ഈ സംഭവത്തിനു പിന്നാലെ കടുത്ത വേദനയെത്തുടര്‍ന്നാണ് കഴിഞ്ഞ ഞായറാഴ്ച കീര്‍ത്തിയെ ആശുപത്രിയിലെത്തിച്ചത്. പുലര്‍ച്ചെ നാലുമണിക്കായിരുന്നു സംഭവം. ആ സമയത്ത് വീട്ടിലായിരുന്ന ഡോക്ടര്‍ വിഡിയോ കോളിലൂടെ നഴ്സുമാര്‍ക്ക് നിര്‍ദേശം നല്‍കി. ഡോക്ടറുടെ നിര്‍ദേശപ്രകാരം പല തരത്തിലുള്ള മെഡിക്കല്‍ പ്രൊസീജറും ഇന്‍ജക്ഷനും നല്‍കി. ഇതിനിടെ സെര്‍വിക്സിലിട്ട സ്റ്റിച്ച് പൊട്ടി കീര്‍ത്തിയുടെ അവസ്ഥ ഗുരുതരമായി.
രാവിലെ ഏതാണ്ട് പത്തരയോടെ ഇരട്ടക്കുഞ്ഞുങ്ങളെ പുറത്തെടുത്തു. ആ സമയവും കഴിഞ്ഞാണ് ഡോക്ടര്‍ ആശുപത്രിയിലെത്തിയത്. പുറത്തെടുത്ത കുഞ്ഞുങ്ങള്‍ മരിച്ച നിലയിലായിരുന്നുവെന്നും എല്ലാം കഴിഞ്ഞ ശേഷമെത്തിയ ഡോക്ടര്‍ ഒരുതവണ പോലും തന്നെയൊന്ന് പരിശോധിക്കാന്‍ തയ്യാറായില്ലെന്നും കീര്‍ത്തി പറയുന്നു. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും ഡോക്ടര്‍ ചെയ്തത് അതിഗുരുതരമായ തെറ്റാണെന്നും രംഗറെഡ്‍ഡി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ബി വെങ്കടേശ്വര റാവു പ്രതികരിച്ചു. ചികിത്സാപ്പിഴവ് ആരോപിച്ച് കീര്‍ത്തിയുടെ കുടുംബം നല്‍കിയ പരാതിയെത്തുടര്‍ന്ന് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.