ഫയല്‍ ചിത്രം

പാകിസ്ഥാനുള്ള  ഇന്ത്യയുടെ തിരിച്ചടി ഉടന്‍. സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍ ഒരുക്കങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. അതിര്‍ത്തി മേഖലകളും തന്ത്രപ്രധാന കേന്ദ്രങ്ങളും അടക്കം 259 ഇടങ്ങളില്‍ നാളെ മോക്ഡ്രില്‍ നടത്തും. കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് മോക്ഡ്രില്‍ സംഘടിപ്പിക്കുക

പഹല്‍ഗാമിന് പകരം വീട്ടാന്‍  രാജ്യം സര്‍വ സജ്ജമായിക്കഴിഞ്ഞു. മെട്രോകള്‍, ആണവ നിലയങ്ങള്‍, തുറമുഖങ്ങള്‍ അടക്കം  259 ഇടങ്ങളെ  3 വിഭാഗങ്ങളായി തിരിച്ച്  നാളെ മോക്ഡ്രില്‍ നടത്തും.  ഇതിനായി ആഭ്യന്തര സെക്രട്ടറി വിളിച്ച യോഗത്തില്‍ ചീഫ് സെക്രട്ടറിമാരും സിവിൽ ഡിഫൻസ് മേധാവികളും പങ്കെടുത്തു.  ജനങ്ങളെ ഒഴിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്തു. അപായ സൈറണുകള്‍ പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്തും.

സാധാരണക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിവില്‍ ഡിഫന്‍സ് പരിശീലനം, ജനത്തെ ഒഴിപ്പിക്കുന്നതിനുള്ള പരിശീലനം തുടങ്ങിയവ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.പാക് ഹാക്കർമാർ പ്രതിരോധ സ്ഥാപനങ്ങളിൽ കടന്നുകയറിയതും  സർക്കാർ ഗൗരവതരമായി പരിശോധിച്ച് വരികയാണ്. ഇക്കാര്യങ്ങളെല്ലാം സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. 

24 മണിക്കൂറിനിടെ രണ്ടാം തവണയാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്.  ജമ്മുകശ്മീരിലെ പരിശോധനയില്‍ ആയുധങ്ങളുമായി ഭീകരരെ സഹായിച്ച രണ്ടുപേർ അറസ്റ്റിലായി.  തുടർച്ചയായി 12 ആം ദിവസവും  നിയന്ത്രണ രേഖക്ക് സമീപം എട്ടിടങ്ങളില്‍ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാക് വെടിവെപ്പ് തുടരുകയാണ്. സുര്കഷ സേനയും ശക്തമായി തിരിച്ചടിക്കുന്നു. പതിവ്  ഡിജിഎംഒ തല ചര്‍ച്ചയില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം ഉന്നയിക്കും.  പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച ഐക്യരാഷ്ട്ര സഭ നിലവിലെ സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചു. 

ഇരു രാജ്യങ്ങളും പരമാവധി സംയമനം പാലിക്കണമെന്നും  നിയമപരമായ മാർഗങ്ങളിലൂടെ നീതി നടപ്പാക്കണമെന്നും സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. യുഎന്‍ രക്ഷാസമിതിയുടെ അനൗദ്യോഗിക കൂടിക്കാഴ്ചയിൽ   ആണവ ഭീഷണി മുഴക്കുന്നതിനും മിസൈൽ പരീക്ഷണം നടത്തിയതിനും അംഗ രാജ്യങ്ങൾ പാകിസ്ഥാനെ വിമർശിച്ചു. മതാടിസ്ഥാനത്തിലുള്ള കൂട്ടക്കൊലയെയും അപലപിച്ചു.. ഇതിനിടെ ചൈനീസ് പ്രതിനിധി പാക്  പ്രധാനമന്ത്രിയെ കണ്ട് പിന്തുണ ആവര്‍ത്തിച്ചു.

ENGLISH SUMMARY:

India's retaliation against Pakistan is imminent. National Security Advisor Ajit Doval has briefed Prime Minister Narendra Modi on the preparations. Mock drills will be conducted tomorrow at 259 locations, including border areas and strategically important centers. In Kerala, the drills will take place in Kochi and Thiruvananthapuram.