Chairs and tables are scattered at the site of a suspected militant attack on tourists in Baisaran near Pahalgam in south Kashmir's Anantnag district, April 24, 2025. REUTERS/Adnan Abidi
പഹല്‍ഗാമില്‍ ഭീകരാക്രമണത്തിന് 15 ദിവസം മുന്‍പ് കട ആരംഭിച്ചയാള്‍ കസ്റ്റഡിയില്‍. എന്‍.ഐ.എ ആണ് കസ്റ്റഡിയിലെടുത്തത്. ആക്രമണം നടന്ന ദിവസം ഇയാള്‍ കട തുറന്നില്ല. കേന്ദ്ര ഏജന്‍സികള്‍ വ്യാപാരിയെ ചോദ്യം ചെയ്തു വരികയാണ്. അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന് മുന്‍പ് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു എന്ന് റിപ്പോർട്ട്. ശ്രീനഗറിലെ താഴ്‌വരകൾക്ക് സമീപം താമസിക്കുന്നവർക്ക് നേരെ ആക്രമണം ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. പ്രധാനമന്ത്രിയുടെ കത്ര - ശ്രീനഗർ ട്രെയിൻ ഫ്ലാഗ് ഓഫ് തടസ്സപ്പെടുത്തുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്നുമാണ് വിവരം.
ഇതിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന ഡാച്ചിഗാം, നിഷാത് തുടങ്ങിയ പ്രദേശങ്ങളിൽ പട്രോളിങ് വർധിപ്പിക്കുകയും ശ്രീനഗറിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിരുന്നു. രണ്ടാഴ്ച തിരച്ചിൽ നടത്തിയെങ്കിലും, ഒന്നും കണ്ടെത്താനായില്ല. പഹൽഗാം ഭീകരാക്രമണം നടന്ന ദിവസമാണ് ദൗത്യം നിർത്തിവെച്ചത്. പഹൽഗാമിൽ കേന്ദ്രസർക്കാരിന് സുരക്ഷ ഇൻറലിജൻസ് വീഴ്ച ഉണ്ടായി എന്ന വിമർശനം പ്രതിപക്ഷം ശക്തിപ്പെടുത്തുന്നതിനിടയിലാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വൈകിട്ട് നാവികസേന മേധാവി ദിനേശ് കെ.ത്രിപാഠിയുമായി മോദി കൂടിക്കാഴ്ച നടത്തി. അംഗോള പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ആവര്‍ത്തിച്ചത്. ഭീകരവാദത്തെ തുടച്ചുനീക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണ്. ഭീകരവാദത്തെ പിന്തുണയ്ക്കുന്നവരെയും ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി.
പൊതുവെ ഹിന്ദിയില്‍ സംസാരിക്കുന്ന മോദി ഇംഗ്ലീഷിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നതും ശ്രദ്ധേയം. വൈകിട്ട് നാവികസേന മേധാവി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക വസതിയിലെ കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടു. മേയ് ഒന്‍പതിന് നടത്താനിരുന്ന റഷ്യ സന്ദര്‍ശനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉപേക്ഷിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാക് കരസേന മേധാവി അസിം മുനീറാണെന്ന് മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ ആദില്‍ രാജയുടെ വെളിപ്പെടുത്തല്‍ പാക്കിസ്ഥാനെ വെട്ടിലാക്കി. വ്യക്തിതാല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ് മുനീര്‍ ആക്രമണം നടത്തിയതെന്നും തടയാന്‍ ഐ.എസ്.ഐ ശ്രമിച്ചുവെന്നും ആദില്‍ രാജ പറയുന്നു. അതിനിടെ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് ജവാനെ ബി.എസ്.എഫ് പിടികൂടി. നേരത്തെ അബദ്ധത്തില്‍ അതിര്‍ത്തികടന്ന ബി.എസ്.എഫ്. ജവാനെ പാക്കിസ്ഥാന്‍ തടവിലാക്കിയിരുന്നു.