അട്ടാരി അതിര്‍ത്തി (ഫയല്‍ ചിത്രം)

പഹൽഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാനെതിരെ വീണ്ടും കര്‍ശന നടപടിയുമായി ഇന്ത്യ. പാകിസ്ഥാനില്‍ നിന്നുള്ള എല്ലാ ഇറക്കുമതികളും ഇന്ത്യ നിരോധിച്ചു. ദേശീയ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം എന്നാണ് സര്‍ക്കാര്‍ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. പാകിസ്ഥാനിൽ നിന്നുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും ഇറക്കുമതി നിരോധനം ബാധകമാണ്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോഘനം തുടരുമെന്നും വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. 2023 ലെ വിദേശ വ്യാപാര നയം ഭേദഗതി ചെയ്തുകൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

പഹൽഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാന് എതിരെ ഇന്ത്യ സ്വീകരിച്ച കടുത്ത നടപടികളി‍ല്‍ ഒന്നുമാത്രമാണിത്. നേരത്തെ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള ഏക വ്യാപാര പാതയായ വാഗ-അട്ടാരി അതിർത്തി ഇതിനകം ഇന്ത്യ അടച്ചിരുന്നു. 1960 ൽ ഇരു രാജ്യങ്ങളും ഒപ്പുവച്ച നിർണായക സിന്ധു നദീജല കരാറും ഇന്ത്യ റദ്ദാക്കുകയുണ്ടായി. 

അതേസമയം, അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുകയാണ് പാക്കിസ്ഥാന്‍. നിയന്ത്രണരേഖയില്‍ ഒന്‍പതാം ദിവസവും പാക്ക് വെടിവയ്പുണ്ടാകുകയും ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ചെയ്തു. ഇന്ത്യയുടെ തിരിച്ചടി ഉറപ്പായിരിക്കെ സംഘർഷം ലഘുകരിക്കാൻ സുഹൃദ് രാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ട് പാക്കിസ്ഥാൻ. ഇടപെടണമെന്ന് സൗദി അറേബ്യയോടും യുഎഇയോടും പാകിസ്ഥാന്‍ അഭ്യർഥിച്ചു. പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ തിരിച്ചടി പരിമിതമാകണമെന്ന് യുഎസ് വൈസ് പ്രസി‍ഡന്‍റ് ജെ.‍ഡി.വാന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. 

ENGLISH SUMMARY:

India has taken strict action against Pakistan once again following the Pahalgam terrorist attack, with a ban on all imports from Pakistan. The decision was made in the interest of national security, as per a report by NDTV. The import ban applies to all products from Pakistan. The Ministry of Commerce has issued a notification stating that the ban will remain in effect until further notice. This move comes as a result of amendments made to the Foreign Trade Policy of 2023.