image: x.com/ANI_MP_CG_RJ
പാക് ചാര സംഘടനയായ ഐഎസ്ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയിരുന്ന രാജസ്ഥാന്‍ സ്വദേശിയെ രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. ജയ്സാല്‍മേര്‍ സ്വദേശി പത്താന്‍ഖാന്‍ ആണ് അറസ്റ്റിലായത്. ഒഫിഷ്യല്‍ സീക്രട്സ് ആക്ട് 1923 ഇയാള്‍ക്കെതിരെ ചുമത്തിയതായി രാജസ്ഥാന്‍ ഇന്‍റലിജന്‍സ് അറിയിച്ചു. 2013 ല്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച പത്താന്‍ ഖാന്‍ ഐഎസ്ഐ ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിച്ച ശേഷമാണ് മടങ്ങി വന്നതെന്നാണ് കണ്ടെത്തല്‍.
പാക്കിസ്ഥാനില്‍ വച്ച് പത്താന്‍ഖാന് പണവും ചാരവൃത്തിക്കുള്ള പരിശീലനവും ലഭിച്ചുവെന്നും 2013ന് ശേഷവും ഇയാള്‍ പാക് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരുമായി ബന്ധം തുടരുകയും അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങളടക്കം കൈമാറുകയും ചെയ്തുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ജയ്സാസ്‍മേറിലെ അതിര്‍ത്തി സംബന്ധിച്ച വിവരങ്ങളായിരുന്നു ഇവയെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
അതേസമയം ഗുജറാത്ത് തീരത്ത് ഇന്ത്യന്‍ നാവികസേന സൈനികാഭ്യാസം തുടരുകയാണ്. ഇന്നത്തെ വ്യോമപരിശീലനത്തില്‍ അത്യാധുനിക വിമാനങ്ങള്‍ അണിനിരക്കും. പാക് സൈന്യവും അതിര്‍ത്തിയില്‍ കൂടുതല്‍ സേനയെ വിന്യസിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിയും കൂടിക്കാഴ്ച നടത്തി.
പഹല്‍ഗാമിലെ ഭീകരര്‍ക്കായി അനന്ത്നാഗ്, കുല്‍ഗാം അടക്കമുള്ള ജില്ലകളില്‍ സുരക്ഷാസേന തിരച്ചില്‍ തുടരുകയാണ്. സൈന്യം, രാഷ്ട്രീയ റൈഫിള്‍സ് ജവാന്‍മാര്‍, കരസേനയുടെ സ്പെഷല്‍ ഫോഴ്സസായ പാരാ കമാന്‍ഡോകളും അടങ്ങുന്ന വന്‍ സംഘമാണ് ഭീകരരെ തിരയുന്നത്. ഇന്നലെ എന്‍ഐഎ മേധാവി പഹല്‍ഗാമിലെത്തിയിരുന്നു. പഹല്‍ഗാം മേഖലയുടെ ത്രിമാന ചിത്രീകരണവും എന്‍ഐഎ നടത്തി.