Picture Credit @PetaIndia
ആവശ്യത്തിന് വെള്ളം പോലും കൊടുക്കാതെ പൊരിവെയിലത്ത് നടത്തിയ കുതിര സൂര്യാഘാതമേറ്റ് നടുറോഡില്‍ കുഴഞ്ഞുവീണു. കൊല്‍ക്കത്തിയിലുണ്ടായ സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലായതോടെ വലിയ പ്രതിഷേധമാണ് ഉടലെടുത്തിരിക്കുന്നത്. കുതിരവണ്ടി വലിച്ച കുതിരയാണ് കുഴഞ്ഞുവീണത്. രണ്ടു കുതിരകളെയാണ് വണ്ടിയില്‍ കെട്ടിയിരുന്നത്. അതില്‍ ഒരെണ്ണമാണ് കടുത്ത ചൂടേറ്റ് നിര്‍ജലീകരണം ബാധിച്ച് തളര്‍ന്നുവീണത്.
വീണു കിടക്കുന്ന കുതിരയെ വണ്ടിക്കാരന്‍ റോഡിലൂടെ വലിച്ചിഴയ്ക്കുന്നതും വിഡിയോയില്‍ കാണാം. പേട്ട (പീപ്പിള്‍ ഫോര്‍ ദ് എത്തിക്കല്‍ ട്രീറ്റ്മെന്‍റ് ഓഫ് ആനിമല്‍സ് (People for the Ethical Treatment of Animals) എന്നതിന്‍റെ ചുരുക്കെഴുത്താണ് PETA) ഇന്ത്യയുടെ ഔദ്യോഗിക എക്സ് പ്രൊഫൈലില്‍ ഈ വിഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. മൃഗങ്ങളോടുള്ള ഇത്തരം ക്രൂരതകള്‍ ന്യായീകരിക്കാനാകില്ല. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് വിഡിയോ പങ്കുവച്ചുകൊണ്ട് പേട്ട ആവശ്യപ്പെട്ടിരിക്കുന്നത്. കൊല്‍ക്കത്ത പൊലീസ്, മമത ബാനര്‍ജി തുടങ്ങി ബന്ധപ്പെട്ട അധികാരികളെ ടാഗ് ചെയ്താണ് പേട്ടയുടെ പോസ്റ്റ്.
നിര്‍ജലീകരണം ബാധിച്ച കുതിരകളുടെ നില്‍പ്പ് കണ്ടുനില്‍ക്കാനാകില്ല. ഭാരക്കുറവും കടുത്ത വേദനയുമാണ് അവറ്റകള്‍ അനുഭവിക്കുന്നത്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായി ഒരുക്കിനിര്‍ത്തുന്ന ഈ കുതിരകള്‍ക്ക് ആവശ്യത്തിന് വെള്ളമെങ്കിലും കൊടുത്തുകൂടെ എന്നാണ് പലരും ചോദിക്കുന്നത്. നടി പൂജ ഭട്ട് അടക്കമുള്ളവര്‍ ഈ വിഡിയോ റീട്വിറ്റ് ചെയ്തിട്ടുണ്ട്. കുതിരവണ്ടികള്‍ നിരോധിക്കണമെന്ന ആവശ്യവും ചിലര്‍ പങ്കുവയ്ക്കുന്നുണ്ട്. വീണു കിടക്കുന്ന കുതിരയെ വലിച്ചിഴച്ച് വീണ്ടും വണ്ടി വലിക്കാന്‍ നിര്‍ത്തുന്നത് എത്ര പൈശാചികമായ പ്രവര്‍ത്തിയാണെന്നാണ് ചിലര്‍ കമന്‍റ് ചെയ്തിരിക്കുന്നത്.
പേട്ടയുടെ പരാതിപ്രകാരം സംഭവത്തില്‍ കുതിര വണ്ടിക്കാരനെതിരെ കേസെടുത്തതായി കൊല്‍ക്കത്ത പൊലീസ് വ്യക്തമാക്കി. എക്സ് പ്രൊഫൈലിലാണ് കേസെടുത്തതായി പൊലീസ് പോസ്റ്റ് ഇട്ടത്. കുതിര നിലവില്‍ ചികിത്സയിലാണെന്നും കുതിരവണ്ടിക്കാരനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നുമാണ് പൊലീസ് കുറിച്ചിരിക്കുന്നത്.