Image Credit: X/@maheshmvasu
പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ച ദമ്പതിമാര്‍ ജയ്സല്‍മേറിലെ മരുഭൂമിയില്‍ വെള്ളം കിട്ടാതെ കുഴഞ്ഞുവീണ് മരിച്ചു. രവികുമാര്‍ (17), ശാന്തി ബായ് (15) എന്നിവരാണ് ദാഹവും നിര്‍ജലീകരണവും കാരണം മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ ശനിയാഴ്ചയാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് സമീപത്ത് നിന്നും ഇവര്‍ പാക്കിസ്ഥാനില്‍ നിന്നും വെള്ളം ശേഖരിച്ച് കൊണ്ടുവന്നിരുന്ന കന്നാസും ലഭിച്ചു.
പാക്കിസ്ഥാനിലെ സിന്ധ് സ്വദേശികളായ കുമാറും ശാന്തിയും നാല് മാസം മുന്‍പാണ് വിവാഹിതരായത്. ഇന്ത്യയില്‍ സമാധാനപൂര്‍ണമായ ജീവിതം സ്വപ്നം കണ്ട് വീസയ്ക്കായി ഇരുവരും അപേക്ഷിച്ച് കാത്തിരുന്നു. എന്നാല്‍ പഹല്‍ഗാം സംഭവത്തിന് പിന്നാലെ ഇന്ത്യ–പാക് ബന്ധം വഷളായതോടെ നിയമപരമായി ഇന്ത്യയിലെത്താമെന്നുള്ള ഇരുവരുയെും മോഹം പൊലിഞ്ഞു. എന്തുവന്നാലും ഇന്ത്യയിലെത്തണമെന്ന് ഉറപ്പിച്ച ഇരുവരും അനധികൃതമായി അതിര്‍ത്തി കടക്കാന്‍ തീരുമാനിച്ചു. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് യാത്ര പുറപ്പെട്ട ഇരുവരും ഒരാഴ്ച മുന്‍പ് അതിര്‍ത്തി കടന്നിരുന്നു. പിന്നാലെ ബിബിയന്‍ മരുഭൂമിയില്‍ വച്ച് നിര്‍ജലീകരണം സംഭവിക്കുകയും ഇരുവരും മരിച്ച് വീഴുകയുമായിരുന്നുവെന്നാണ് നിഗമനം. മൃതദേഹങ്ങള്‍ വീണ്ടെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി.
ഇന്ത്യന്‍ സര്‍ക്കാര്‍ മൃതദേഹങ്ങള്‍ കൈമാറാന്‍ തയ്യാറാണെങ്കില്‍ ഏറ്റുവാങ്ങാന്‍ ബന്ധുക്കളെത്തുമെന്ന് ഹിന്ദു–പാക്കിസ്ഥാനി ഡിസ്പ്ലേസ്ഡ് യൂണിയന്‍ ആന്‍റ് ബോര്‍ഡര്‍ പീപ്പിള്‍സ് ഓര്‍ഗനൈസേഷന്‍ ജില്ലാ കോ–ഓര്‍ഡിനേറ്റര്‍ ദിലീപ് സിങ് അറിയിച്ചു. അല്ലാത്ത പക്ഷം ഹിന്ദു ആചാരപ്രകാരം അന്ത്യകര്‍മങ്ങള്‍ ചെയ്ത് ഇന്ത്യയില്‍ തന്നെ അടക്കം ചെയ്യാനുള്ള നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇരവരുടെയും മൃതദേഹങ്ങള്‍ക്കൊപ്പമുള്ള ബാഗില്‍ നിന്നുമാണ് പാക് ഐഡി കാര്‍ഡുകള്‍ കണ്ടെത്തിയത്. ഇതോടെ വിശദമായ അന്വേഷണം ആരംഭിക്കുകയായിരുന്നു.