ബൈസരണ്‍വാലിയില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട ഭീകരര്‍ ഏപ്രില്‍ 15ന് തന്നെ പഹല്‍ഗാമിലെത്തിയെന്ന് വെളിപ്പെടുത്തല്‍. ആക്രമണത്തിന് കൃത്യം രണ്ട് ദിവസം മുന്‍പ് ബൈസരണ്‍വാലിയിലെത്തിയ സംഘം സാഹചര്യം നിരീക്ഷിച്ച് മടങ്ങിയെന്ന് ഭീകരര്‍ക്ക് സഹായം ചെയ്തതിന് അറസ്റ്റിലായവര്‍ മൊഴി നല്‍കി.
ബെതാബ് വാലി Image: x.com/epradeep
ബൈസരണ്‍വാലിക്ക് പുറമെ മൂന്നിടങ്ങളില്‍ക്കൂടി ഭീകരര്‍ നിരീക്ഷണം നടത്തി. ആരു വാലി, പ്രാദേശിക അമ്യൂസ്മെന്‍റ് പാര്‍ക്ക്, ബെതാബ് വാലി എന്നിവിടങ്ങളിലാണ് ഇവരെത്തിയത്. ഇവിടെയെല്ലാം സുരക്ഷ ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടായിരുന്നതോടെ സംഘം ബൈസരണ്‍ വാലി ഉറപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.
പാക്കിസ്ഥാനില്‍ നിന്നെത്തിയ ഭീകരര്‍ക്ക് സഹായം നല്‍കുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്ത ഇരുപതോളം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നാലുപേര്‍ ഭീകരരുമായി അടുത്തബന്ധം പുലര്‍ത്തിയെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. ആക്രമണത്തിന് മുന്‍പ് പ്രദേശത്ത് മൂന്ന് സാറ്റലൈറ്റ് ഫോണുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നതായും ഇതില്‍ രണ്ടെണ്ണത്തിലെ സിഗ്നലുകള്‍ കണ്ടെത്താന്‍ കഴിഞ്ഞുവെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭീകരാക്രമണത്തിന് പിന്നാലെ 2500ലേറെപ്പേരെയാണ് എന്‍ഐഎ ചോദ്യം ചെയ്തത്. ഇതില്‍ 186 പേര്‍ ഇപ്പോഴും കസ്റ്റഡിയിലാണ്.
ആരു വാലി– Image: x.com/epradeep
ആക്രമണത്തിനു പിന്നാലെ ജമ്മു കശ്മീരില്‍ പലയിടങ്ങളിലും റെയ്ഡുകള്‍ തുടരുകയാണ്. ഹൂറിയത്ത് കോണ്‍ഫറന്‍സ്, ജമാ അത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളുടെ അനുഭാവികളുടെ വീടുകളിലും ഓഫിസുകളിലുമാണ് പരിശോധന. കുപ്വാര, ഹന്ദ്വാര, അനന്ത്നാഗ്, ത്രാല്‍, പുല്‍വാമ, സോപോര്‍, ബാരാമുള്ള, ബന്ദിപോറ എന്നിവിടങ്ങളിലടക്കം പരിശോധന നടന്നു.
പാക് ഭീകരര്‍ക്ക് എത്താനും ആക്രമണം ആസൂത്രണം ചെയ്യാനും പ്രാദേശിക ബന്ധങ്ങളുണ്ടാക്കിയെടുക്കാനും കഴിഞ്ഞത് കസ്റ്റഡിയിലുള്ള ചിലരുടെ സഹായത്താലാണെന്ന് എന്‍ഐഎ വ്യക്തമാക്കുന്നു. അന്വേഷണത്തിനായി വ്യക്തികളുടെ ഫോണ്‍ വിളികളുടെ വിശദാംശങ്ങളും കോള്‍ റെക്കോര്‍ഡുകളും ശേഖരിക്കുന്നുണ്ട്.