പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയവരെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. ‘സൈന്യത്തിന്‍റെ മനോവീര്യം തകര്‍ക്കരുത്. രാജ്യത്തോട് അല്‍പമെങ്കിലും ഉത്തരവാദിത്തം കാണിക്കാന്‍ നിങ്ങള്‍ക്ക് കടമയുണ്ട്’ – കോടതി പറഞ്ഞു. ഭീകരാക്രമണം അന്വേഷിക്കാന്‍ വിരമിച്ച ജഡ്ജിമാര്‍ എങ്ങനെ വിദഗ്ധരാവുമെന്ന് കോടതി ചോദിച്ചു.
ഓരോ പൗരനും ഭീകരതയ്ക്കെതിരെ കൈകോര്‍ത്ത് പോരാടേണ്ട സമയമാണിതെന്ന് ജസ്റ്റിസ് സൂര്യകാന്ത് ഓര്‍മിപ്പിച്ചു. കോടതി നിലപാട് കടുപ്പിച്ചതോടെ പൊതുതാല്‍പര്യ ഹര്‍ജി പിന്‍വലിച്ചു. വിദ്യാര്‍ഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു.
അതേസമയം, ഭീകരവിരുദ്ധ പോരാട്ടത്തിൽ ഇന്ത്യക്കൊപ്പമെന്ന് ആവർത്തിച്ച് അമേരിക്ക. വിദേശകാര്യമന്ത്രി എസ്.ജയശങ്കറെ ഫോണിൽ വിളിച്ചാണ് യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പിന്തുണ അറിയിച്ചത്. സമാധാനം പുനസ്ഥാപിക്കാൻ ഇന്ത്യയും പാക്കിസ്ഥാനും ശ്രമിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. പഹൽഗാം ഭീകരാക്രമണത്തിൻ്റെ ഉത്തരവാദികളെ കണ്ടെത്തണമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരിഫിനോട് റൂബിയോ ആവശ്യപ്പെട്ടു. അന്വേഷണവുമായി സഹകരിക്കണമെന്നും സംഘർഷം ലഘൂകരിക്കാൻ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ ദക്ഷിണകൊറിയന്‍ വിദേശകാര്യ മന്ത്രിയും വിദേശകാര്യ മന്ത്രി എസ്.ജയശങ്കറെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചു
അതേസമയം പഹല്‍ഗാം ആക്രമണത്തിന് കാരണം സുരക്ഷാ, ഇന്‍റലിജന്‍സ് വീഴ്ചയെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുല്ല. കശ്മീരികള്‍ നല്ല ജീവിതം നയിക്കുന്നത് പാക്കിസ്ഥാന് ഇഷ്ടപ്പെടുന്നില്ല. കശ്മീരികള്‍ക്കിടയില്‍ കുപ്രചാരണം അഴിച്ചുവിടാന്‍ ശ്രമം നടന്നു. ഇതൊന്നും ഫലം കാണാത്തതുകൊണ്ടാണ് ആക്രമണം നടത്തിയതെന്ന് ഫറൂഖ് അബ്ദുല്ല പറഞ്ഞു.