പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് രജനീകാന്ത്. ജയിലർ 2ന്റെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം ചെന്നൈ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരിലെ സമാധാനം തകർക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് ആക്രമണമെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരിലെ സമാധാനം തകർക്കാനായിരുന്നു ശ്രമം. ഭീകരര്‍ക്ക് ശക്തമായ മറുപടി നൽകണം. ഇനി ഇത്തരമൊരു ആക്രമണം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലും അവർക്ക് കഴിയരുത്, രജനി പറഞ്ഞു.
‘കശ്മീരിലെ സമാധാനപരമായ അന്തരീക്ഷം തകർക്കാൻ ശത്രുക്കൾ ശ്രമിക്കുകയാണ്. കേന്ദ്രസർക്കാർ കുറ്റവാളികളെ കണ്ടെത്തി സങ്കൽപ്പിക്കാവുന്നതിലും അപ്പുറമുള്ള കർശന നടപടി സ്വീകരിക്കണം ...’ രജനീകാന്ത് പറഞ്ഞു. മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ള താരങ്ങളും നേരത്തേ പഹല്‍ഗാം ആക്രമണത്തില്‍ ശക്തമായി പ്രതികരിച്ചിരുന്നു.
അതേ സമയം ഇന്ത്യ ഉടൻ പാക്കിസ്ഥാനെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് റോയിട്ടേഴ്സിനോട് പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യ–പാക് സംഘര്‍ഷം രൂക്ഷമാക്കി തുടര്‍ച്ചയായി അഞ്ചാംദിനവും പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെ നിയന്ത്രണരേഖയില്‍ മൂന്നിടത്ത് വെടിവയ്പുണ്ടായി. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.