രജനീകാന്തും ഐശ്വര്യ റായും യന്തിരനില്‍
വെള്ളിത്തിരയിലെ തന്‍റെ അന്‍പതാം വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ ഹിറ്റ് ചിത്രം പടയപ്പയ്ക്ക് പിന്നിലെ അറിയാക്കഥകള്‍ പറഞ്ഞ് തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. അന്ന് ഐശ്വര്യ റായ് നീലാബരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കണമെന്നാണ് ആഗ്രഹിച്ചതെന്നും എന്നാല്‍ ഐശ്വര്യ നിരസിച്ചതോടെയാണ് നീലാംബരി എന്ന കഥാപാത്രം നടി രമ്യ കൃഷ്ണനിലേക്ക് എത്തിയതെന്നും രജനീകാന്ത് പറഞ്ഞു. പടയപ്പയുടെ റീറിലീസും രണ്ടാം ഭാഗവും ഇതിനകം രജനി പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു.
‘നീലംബരി എന്ന കഥാപാത്രത്തെ ഐശ്വര്യ റായി അവതരിപ്പിക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു. അവരുമായി ബന്ധപ്പെടാൻ ഞങ്ങള്‍ ഒരുപാട് ബുദ്ധിമുട്ടി. അന്ന് ഐശ്വര്യ സമ്മതം പറഞ്ഞിരുന്നെങ്കിൽ രണ്ട്– മൂന്ന് വര്‍ഷം പോലും കാത്തിരിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു’ രജനീകാന്ത് പറയുന്നു. ‘ആ വേഷം ക്ലിക്കാവേണ്ടത് അത്യാവശ്യമായിരുന്നു. പക്ഷേ ഐശ്വര്യക്ക് താല്‍പര്യമില്ലായിരുന്നു. ശ്രീദേവി, മാധുരി ദീക്ഷിത് തുടങ്ങി നിരവധി പേരെ നീലാംബരിക്കായി പരിഗണിച്ചിരുന്നു. പക്ഷേ, നീലാംബരിയെ അവതരിപ്പിക്കാനുള്ള ശക്തിയുള്ള കണ്ണുകള്‍ നായികയ്ക്ക് വേണമായിരുന്നു. അങ്ങിനെയിരിക്കെ രവികുമാറാണ് രമ്യ കൃഷ്ണന്റെ പേര് നിർദ്ദേശിച്ചത്. രമ്യയുടെ പ്രകടനം ആ കഥാപാത്രത്തെ അവിസ്മരണീയമാക്കി’ രജനീകാന്ത് പറഞ്ഞു.
താന്‍ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയ ചിത്രമായിരുന്നു പടയപ്പയെന്നും രജനി പറഞ്ഞു. ‘കൽക്കിയുടെ പൊന്നിയിൻ സെൽവൻ എനിക്ക് വളരെ ഇഷ്ടമായിരുന്നു. അങ്ങിനെയാണ് നന്ദിനി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള ഒരു വിഷയം ചെയ്യാൻ ഞാൻ ആഗ്രഹിച്ചത്. അതിന്‍റെ ഫലമായിരുന്നു പടയപ്പ. ചിത്രത്തിന്‍റെ പേരും ഞാനാണ് നിര്‍ദേശിച്ചത്. എന്നാല്‍ കെ.എസ്. രവികുമാറിന് അത് തൃപ്തികരമായിരുന്നില്ല. പക്ഷേ ഞാൻ അദ്ദേഹത്തോട് മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുകയായിരുന്നു’ രജനി പറഞ്ഞു. 70 ദിവസം കൊണ്ടാണ് സിനിമ പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
1999-ലാണ് കെ.എസ്. രവികുമാര്‍ സംവിധാനം ചെയ്ത് രജനീകാന്ത് നിർമ്മിച്ച 'പടയപ്പ' റിലീസായത്. ശിവാജി ഗണേശന്‍, സൗന്ദര്യ, രമ്യാ കൃഷ്ണന്‍, ലക്ഷ്മി, സിതാര, രാധാരവി, നാസര്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. എ ആർ റഹ്മാനായിരുന്നു സംഗീത സംവിധാനം. പടയപ്പ റിലീസ് ചെയ്തതിന് പിന്നാലെ നീലാംബരി എന്ന കഥാപാത്രം തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഊഹാപോഹങ്ങൾ വർദ്ധിച്ചതോടെ, ജയലളിത ചിത്രം കാണാൻ താൽപര്യം പ്രകടിപ്പിക്കുകയും അവര്‍ക്കായി പ്രത്യേക പ്രദർശനം സംഘടിപ്പിക്കുകയുമുണ്ടായി. കരുണാനിധിയും ചിത്രം കണ്ടിരുന്നു.
1975ലെ അപൂർവ്വ രാഗങ്ങൾ എന്ന ചിത്രത്തിലൂടെയാണ് രജനീകാന്ത് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. രജനിയുടെ 75ാം പിറന്നാളിനോടനുബന്ധിച്ച് ഡിസംബര്‍ 12-നാണ് പടയപ്പ റീറിലീസിനെത്തുന്നത്.