പാക്കിസ്ഥാനെതിെര തിരിച്ചടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി സൂചനനല്‍കി ഏതാനും മണിക്കൂറുകള്‍ക്കകം ഡല്‍ഹിയില്‍ നിര്‍ണായക യോഗം.  പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് , ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ,  സംയുക്ത സേനാമേധാവി, കര, നാവിക, വ്യോമസേനാ മേധാവികളും യോഗത്തില്‍  പങ്കെടുക്കുന്നു. 

Read Also: ഇന്ത്യന്‍ സൈനിക സ്കൂളുകളുടെ വെബ്സൈറ്റുകള്‍ പാക്കിസ്ഥാന്‍ ഹാക്ക് ചെയ്തു

ലക്ഷ്യം വലുതാണെങ്കിലും സമയം കുറവാണെന്ന് ഡല്‍ഹി യുഗം കോണ്‍ക്ലേവില്‍ പങ്കെടുത്ത്  നരേന്ദ്രമോദി പറഞ്ഞിരുന്നു. നേരത്തെ ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ വിളിച്ച യോഗത്തില്‍ ബിഎസ്എഫ്, അസം റൈഫിള്‍സ്, എന്‍എസ്‍ജി, സിആര്‍പിഎഫ്, സിഐഎസ്എഫ് എന്നീ കേന്ദ്രസേനകളുടെ തലവന്‍മാര്‍ പങ്കെടുത്തു

അതേസമയം, പഹൽഗാം ഭീരാക്രമണം ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് പ്രധാനമന്ത്രിയോട് പ്രതിപക്ഷം ആവശ്യപ്പെട്ടു. ലോക്സഭ, രാജ്യസഭ പ്രതിപക്ഷ നേതാക്കളായ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും ഇക്കാര്യമാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു.  കേന്ദ്ര  സര്‍ക്കാരിനെതിരെ സുരക്ഷ വീഴ്ച ഉയര്‍ത്തി കോണ്‍ഗ്രസും മറുപടി നല്‍കി ബിജെപിയും പോസ്റ്റര്‍ പോര് തുടരുകയാണ്.

രാജ്യസുരക്ഷയില്‍ വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തിയ പഹല്‍ഗാം ഭീകരാക്രമണം പാര്‍മെന്റില്‍ വിശദമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നാണ് പ്രതിപക്ഷ നിലപാട്. രാജ്യത്തിന്റെ വികാരം വ്യക്തമാക്കുന്ന പ്രമേയം ഒറ്റക്കെട്ടായി പാസാക്കണം. കൂടിയാലോചനകളിലൂടെ ഭീകരയെ നേരിടാന്‍ ശക്തമായ നയം രൂപീകരിക്കണം ഇതാണ് പ്രതിപക്ഷ ആവശ്യം. ഇതിനായാണ്  പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാന്‍ പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും ആവശ്യപ്പെട്ടത്.

ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഒറ്റക്കെട്ടെന്ന് ബിജെപി കോണ്‍ഗ്രസ് നേതൃത്വം ആവര്‍ത്തിക്കുമ്പോഴും സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റര്‍ പോര് തുടരുകയാണ്.  ഉത്തരവാദിത്തപ്പെട്ട സമയത്ത് മുങ്ങുന്നവൻ എന്ന തലക്കെട്ടോടെ പ്രധാനമന്ത്രിയുടെ തലയില്ലാത്ത ചിത്രം ഉൾപ്പെടുത്തി കോൺഗ്രസ് പോസ്റ്റർ ഇറക്കി. കൊമ്പു പോയ കഴുത എന്ന് കേട്ടിട്ടുണ്ട് ഇതാ മോദിയെ കാണാതായിരിക്കുന്നു എന്ന് പാക് മുൻ മന്ത്രി ഫവാദ് അഹമ്മദ് ഹുസൈൻ ചൗധരി  പ്രതികരിച്ചതോടെ തര്‍ക്കം രൂക്ഷമായി. കോൺഗ്രസിന് ഭീകര സംഘടനകളുടെ ശബ്ദമെന്ന് എന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ.

കോൺഗ്രസ് പാക്കിസ്ഥാന്റെ പിആർ ഏജന്റാണെന്ന് ആരോപിച്ചുള്ള പോസ്റ്റർ  ബി ജെ പിയും ഇറക്കി. ഒറ്റക്കെട്ടായി നിന്ന് വെറുപ്പിന്റെ വിത്തിന്റെ നശിപ്പിക്കേണ്ട സമയമാണിതെന്ന്  ആര്‍ജെഡി നേതാവ് മനോജ് ഝാ ഓര്‍മ്മിപ്പിച്ചു.

ENGLISH SUMMARY:

Key Security Meet At PM's Residence, Rajnath Singh, NSA Doval Present