ഫയല്‍ ചിത്രം

ജമ്മുകശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാകിസ്ഥാന്‍ രാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കേ തുടര്‍ച്ചയായി അഞ്ചാം ദിനവും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍. ഇന്നലെ അര്‍ദ്ധരാത്രിയോടെ നിയന്ത്രണരേഖയില്‍ മൂന്നിടത്ത് വെടിവയ്പുണ്ടായി. പാക് പ്രകോപനത്തിന് പിന്നാലെ ഇന്ത്യയും തിരിച്ചടിച്ചു. അര്‍ദ്ധരാത്രിയില്‍ കുപ്വാര, ബാരാമുള്ള ജില്ലകൾക്ക് സമീപമുള്ള പ്രദേശങ്ങളിലും അഖ്നൂർ സെക്ടറിലുമാണ് നിയന്ത്രണ രേഖയ്ക്ക് സമീപം പാകിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തിയത്. അതേസമയം, പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഹാഷിം മൂസയ്്ക്ക്  സോന്‍മാര്‍ഗ് ടണല്‍ ആക്രമണത്തിലും പങ്കുണ്ട്. 2024 ഒക്ടോബറില്‍ നടന്ന സോന്‍മാര്‍ഗ് ടണല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഏഴുപേരാണ്.

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ യുദ്ധം ഉണ്ടാകുമെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് ഇന്നലെ പ്രതികരിക്കുകയുണ്ടായി. അതിനിടിയില്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ തല്‍ക്കാലം ആശ്വസിക്കാം. മാനസികമായി യുദ്ധത്തിന് തയാറെടുക്കണമെന്നും യുദ്ധം അനിവാര്യമെന്നും വേണ്ടിവന്നാല്‍ ആണവായുധം പ്രയോഗിക്കുമെന്നുമാണ് ഖ്വാജ ആസിഫ് പറഞ്ഞത്. അതേസമയം, ഇന്ത്യ–പാക്കിസ്ഥാന്‍ പ്രശ്നങ്ങള്‍ നയതന്ത്ര തലത്തില്‍ പരിഹരിക്കണമെന്ന് പാകിസ്ഥാന്‍ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്  ആവശ്യപ്പെട്ടു. യുദ്ധത്തിലേക്ക് നീങ്ങരുതെന്ന് പാക് പ്രധാനമന്ത്രിയോട് പറഞ്ഞെന്നും നവാസ് ഷെരീഫ്  പറഞ്ഞു. ALSO READ: ‘ഇന്ത്യ ആക്രമിക്കും; നേരിടാന്‍ പാകിസ്ഥാന്‍ തയ്യാര്‍’: പാക് പ്രതിരോധ മന്ത്രി ...

കൂടിക്കാഴ്ചയിൽ ഇന്ത്യയുടെ നടപടികള്‍ക്ക് ബദലായി പാക്കിസ്ഥാൻ ദേശീയ സുരക്ഷാ സമിതി യോഗത്തിനുശേഷം സ്വീകരിച്ച നടപടികൾ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, നവാസ് ഷെരീഫിനെ ധരിപ്പിച്ചിട്ടുണ്ട്. സിന്ധു നദീജല കരാർ റദ്ദാക്കുക എന്ന ഇന്ത്യയുടെ ഏകപക്ഷീയമായ തീരുമാനം മേഖലയിൽ യുദ്ധ ഭീഷണി ഉയര്‍ത്തുന്നതാണെന്ന് ഷഹബാസ് നവാസ് ഷെരീഫിനോട് പറഞ്ഞതായി വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഇന്ത്യയ്ക്കെതിരെ കടുത്ത നീക്കങ്ങൾ പാടില്ലെന്ന് നവാസ് ഷെരീഫ് സഹോദരനെ ഉപദേശിച്ചെന്നാണ് വിവരം.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ബൈസരണ്‍ വാലിയിലെ സിപ് ലൈന്‍ ഓപ്പറേറ്റര്‍ക്ക് പങ്കെന്ന് വെളിപ്പെടുത്തലുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ദൃക്സാക്ഷിയായ ഗുജറാത്തുകാരന്‍ റിഷി ഭട്ടിന്റേതാണ് നിര്‍ണായക വെളിപ്പെടുത്തല്‍ താന്‍ കയറിയതിന് പിന്നാലെ ഓപ്പറേറ്റര്‍ മൂന്നുതവണ ദൈവത്തെ സ്തുതിച്ചു. പിന്നാലെ വെടിവയ്പ്പ് ഉണ്ടായെന്നും റിഷി പറഞ്ഞു. മറ്റുള്ളവര്‍ കയറിയപ്പോള്‍ അയാള്‍ പ്രാര്‍ഥിച്ചില്ലെന്നും റിഷി ഭട്ട് പറയുന്നു. അതേസമയം, ആക്രമണം നടത്തിയ ഭീകരര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ് സുരക്ഷാസേന. പ്രാദേശിക പാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് കശ്മീരില്‍ ഭീകരരുടെ വീടുകള്‍ ഇടിച്ചുനിരത്തുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.  

ENGLISH SUMMARY:

Amid heightened tensions between India and Pakistan following the recent terror attack in Pahalgam, Pakistan has violated the ceasefire agreement for the fifth consecutive day. Late last night, Pakistani forces opened fire at three locations along the Line of Control (LoC). In retaliation, Indian forces responded strongly. The incidents occurred near Kupwara and Baramulla districts and the Akhnoor sector, with Pakistan initiating unprovoked firing. Pakistan’s Defense Minister Khawaja Asif stated yesterday that war between the two countries could erupt within the next few days. He further mentioned that if conflict breaks out, Pakistan is mentally prepared and may resort to nuclear weapons if necessary. Meanwhile, former Prime Minister Nawaz Sharif urged that Indo-Pak issues be resolved diplomatically and advised the current Prime Minister to avoid pushing the country towards war.