Poonch: Indian army soldiers patrol along the Line of Control (LOC) between India and Pakistan border in Poonch district, Wednesday July 14, 2021. (PTI Photo)(PTI07_15_2021_000047B)

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നിയന്ത്രണരേഖയില്‍ പാക് പ്രകോപനം തുടരുന്നു. തുടര്‍ച്ചയായ നാലാം രാത്രിയിലാണ് പാക്ക് സൈന്യം അകാരണമായി വെടിയുതിര്‍ത്തത്. കുപ്​വാര, പൂഞ്ച് പ്രദേശങ്ങളിലെ അതിര്‍ത്തിയിലാണ് വെടിവയ്പ് ഉണ്ടായത്. തക്കതായ തിരിച്ചടി നല്‍കിയെന്ന് സൈന്യം അറിയിച്ചു. പൂഞ്ചില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് ഇതാദ്യമാണ്.

പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ആക്രമണത്തിന് പിന്നാലെയാണ് അതിര്‍ത്തിയിലും സംഘര്‍ഷം ശക്തമായത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് ബൈസരണ്‍ പുല്‍മേടുകളിലെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. ലഷ്കര്‍ അനുകൂല തീവ്രവാദ സംഘടനയായ റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം പിന്നാലെ ഏറ്റെടുക്കുകയും കഴിഞ്ഞ ദിവസം നിഷേധിക്കുകയും ചെയ്തു. 

ഭീകരാക്രമണത്തിന് അതിര്‍ത്തി കടന്നുള്ള സഹായമെത്തിയെന്ന് സ്ഥിരീകരിച്ചതോടെ ഇന്ത്യ പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാറില്‍ നിന്ന് പിന്‍മാറി. പാക് പൗരന്‍മാരോട് രാജ്യം വിടാനും  ആവശ്യപ്പെട്ടു. മറുപടിയായി പാക്കിസ്ഥാന്‍ ഷിംല കരാര്‍ റദ്ദാക്കുകയും ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് വ്യോമപാത നിഷേധിക്കുകയും ചെയ്തു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണം ആണ് പഹല്‍ഗാമിലേത്. ഭീകരതയ്ക്ക് ഇന്ത്യ വഴങ്ങില്ലെന്നും കഠിനമായ ശിക്ഷ ഉത്തരവാദികള്‍ക്ക് നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കി. 

ENGLISH SUMMARY:

Pakistan continues ceasefire violations along the Line of Control, opening fire in Kupwara and Poonch regions. Indian forces retaliated effectively. Tensions rise following the recent Pahalgam terror attack that killed 26 people.