pakistan

TOPICS COVERED

ഇന്ത്യ – പാക് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പ്രതിരോധമന്ത്രിയെ കണ്ട് സംയുക്ത സേനാ മേധാവി. പഹല്‍ഗാമില്‍ പാക് ഭീകരരെ സഹായിച്ചത് 15 തദ്ദേശീയരെന്ന് കണ്ടെത്തല്‍. ഭീകരര്‍ക്കെതിരെ താഴ്‌വരയില്‍ വന്‍ നീക്കം. പാക് പൗരന്‍മാര്‍ ഇന്ത്യ വിടാനുള്ള സമയപരിധി രാത്രി അവസാനിക്കും. 

അതിര്‍ത്തിയില്‍ തുടരെ പ്രകോപനം സൃഷ്ടിക്കുന്ന പാക്കിസ്ഥാന് മറുപടി, പഹല്‍ഗാം ഭീകരാക്രമണത്തിന് സൈനിക തിരിച്ചടിയും തയാറെടുപ്പും. ഇതടക്കം വിവിധ വിഷയങ്ങളാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും സംയുക്ത സേനാ മേധാവി ജനറല്‍ അനില്‍ ചൗഹാനും തമ്മില്‍ ചര്‍ച്ചയായത് എന്നാണ് വിവരം. ബിഎസ്എഫ് മേധാവി ദല്‍ജിത് സിങ് ആഭ്യന്തരമന്ത്രാലയത്തിലെത്തിയും കൂടിക്കാഴ്ച നടത്തി. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക് ഭീകരരെ സഹായിച്ചത് 15 തദ്ദേശീയരെന്ന് വിവരം. അഞ്ചുപേരെ തിരിച്ചറിഞ്ഞു. മൂന്നുപേര്‍ കസ്റ്റഡിയിലുണ്ട്. ഭീകരാക്രമണം പുനഃസൃഷ്ടിച്ചും വിശദമായ മൊഴിയെടുത്തുമാണ് NIAയുടെ അന്വേഷണം പുരോഗമിക്കുന്നത്. കശ്മീര്‍ താഴ്‌വരയിലുടനീളം ഭീകരവിരുദ്ധ നടപടികള്‍ കര്‍ശനമാക്കുകയാണ് സുരക്ഷാസേന. തിരിച്ചറിഞ്ഞ ഭീകരരുടെ വീടുകള്‍ തകര്‍ത്തു. താഴ്‌വരയില്‍ പിടികൂടേണ്ട തദ്ദേശീയരായ 14 ഭീകരരുടെ പട്ടിക തയാറാക്കി. കുപ്‌വാരയില്‍ ചോര വീഴ്ത്തി വീണ്ടും ഭീകരര്‍. 45 വയസ്സുള്ള സാമൂഹ്യപ്രവര്‍ത്തകന്‍ ഗുലാം റസൂലിനെ വീട്ടില്‍ക്കയറി വെടിവച്ചുകൊന്നു. അതിര്‍ത്തികളിലെ വിന്യാസം പൂര്‍ത്തിയാക്കുകയാണ് ഇന്ത്യ. അറബിക്കടലില്‍ നാവികസേനയുടെ യുദ്ധ അഭ്യാസവും തുടങ്ങി. ബ്രഹ്മോസ് മിസൈലിന്‍റെ കപ്പല്‍ വേധ പതിപ്പ് ഉപയോഗിച്ചായിരുന്നു പരീക്ഷണം. നിയന്ത്രണരേഖയില്‍ പാക് പ്രകോപനം തുടര്‍ന്നാല്‍, വെടിനിര്‍ത്തല്‍ കരാര്‍ മറന്നുള്ള തിരിച്ചടിക്കാണ് ഇന്ത്യ ഒരുങ്ങുന്നത്. പാക് അധീന കശ്മീരില്‍ പലയിടങ്ങളിലും വെള്ളപ്പൊക്കം. ഉറി ഡാം മുന്നറിയിപ്പില്ലാതെ, ഇന്ത്യ തുറന്നതിനെ തുടര്‍ന്ന്, ഝലം നദിയില്‍ വെള്ളമുയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ വിടാനുള്ള സമയ പരിധി അവസാനിക്കാറായതോടെ, വാഗാ അതിര്‍ത്തിയില്‍ മടങ്ങിപ്പോകുന്നവരുടെ തിരക്കാണ്. ഡല്‍ഹിയില്‍ മാത്രം അയ്യായിരം പാക്കിസ്ഥാന്‍ പൗരന്‍മാരുണ്ടെന്ന് ഐബി റിപ്പോര്‍ട്ട് ചെയ്തു.

ENGLISH SUMMARY:

As tensions between India and Pakistan escalate, the Chief of Defence Staff met with the Defence Minister. An investigation revealed that 15 local individuals assisted Pakistani militants in Pahalgam. A major operation is underway against militants, and Pakistani nationals have a deadline tonight to leave India.