2018ലെ സ്വാതന്ത്ര്യ ദിനം. പ്രളയവാരിധി നടുവിലായിരുന്നു കേരളം. നേരം പുലരുമ്പോഴും മഴ തിമിർത്ത് ചെയ്യുകയായിരുന്നു. യന്ത്രബോട്ടുകൾക്ക് പോലും ദുഷ്കരമായ രക്ഷാദൗത്യം. ടെറസിൽ കുടുങ്ങിയവർ, ശയ്യാവലംബർ, പൂർണ ഗർഭിണികൾ. ഇനി വൈകിയാൽ പതിനായിരങ്ങൾ മുങ്ങിച്ചാകുമെന്ന്, ഒരു ജന പ്രതിനിധിയുടെ നിലവിളി ടെലിവിഷനിൽ മുഴങ്ങി. ഇനിയെന്തെന്നോർത്ത് നാട് വിറങ്ങലിച്ച സമയം. അപ്പോഴാണ് കറുത്തിരുണ്ട ആകാശത്ത് പ്രത്യാശയുടെ പങ്ക കറക്കി വ്യോമസേനയുടെ കോപ്റ്ററുകൾ പ്രത്യക്ഷമായത്. രക്ഷാ കരങ്ങളാൽ സേന നമ്മളിൽ പലരേയും കോരിയെടുത്തത്. സുരക്ഷിത സ്ഥാനത്തെത്തിച്ചത്...
ഇന്ത്യൻ എയർഫോഴ്സിൻ്റെ കരുണയുടെ മുഖമാണ് അന്ന് കേരളം കണ്ടത്. അങ്ങനെയെല്ലാം ദേശത്തിന്റെ സന്നിഗ്ദ്ധ ഘട്ടങ്ങളിൽ താങ്ങും തണലുമായ വായുസേന 93 വർഷം പൂർത്തിയാക്കുന്നു.
ശത്രുപാളയങ്ങളിൽ സംഹാരമാടുന്ന മറ്റൊരു മുഖവും വ്യോമസേന പുതുതലമുറയ്ക്ക് കാട്ടിത്തന്നു. പുൽവാമ ആക്രമണത്തിന് ശേഷം പാക് ഭീകരത്താവളങ്ങളിലേക്ക് നടത്തിയ സർജിക്കൽ സ്ട്രൈക് , അന്ന് ഹീറോ ആയ മിഗ് 21 ബൈസൺ പൈലറ്റ് കൊമ്പൻ മീശക്കാരൻ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ, പഹൽഗാമിലെ ക്രൂരതയെ തുടർന്ന് പാക് ബേസ് ക്യാമ്പുകളടക്കം ചാമ്പലാക്കിയ ഓപ്പറേഷൻ സിന്ദൂർ , അതിൻ്റെ വിവരങ്ങൾ ജനങ്ങളിലെത്തിക്കാൻ എന്നും വാർത്താ സമ്മേളനം നടത്തിയ വിങ് കമാൻഡർ വ്യോമിക സിങ്... എല്ലാം വ്യോമസേനയുടെ സമീപകാല മുദ്രകളായി.
93-ാം പിറന്നാൾ വർഷംവായുസേനയിലെ അതികായന്‍മാരുടെ വിരമിക്കല്‍ കൊണ്ടും ശ്രദ്ധേയമായി. യുദ്ധ വിഹായസ്സിൽ പ്രഹര ശേഷിയുമായി പാറിയ മിഗ് 21, 62 വർഷത്തെ സുദീർഘ സേവനത്തിന് ശേഷം വിടവാങ്ങുകയായിരുന്നു. ശബ്ദത്തേക്കാൾ വേഗത്തില്‍ പാഞ്ഞ് എതിരാളികളെ ചാമ്പലാക്കിയ ഈ ആകാശഭടന്റെ അവസാനപറക്കല്‍ സെപ്തംബർ 26നായിരുന്നു,
എയർ ഫോഴ്സിന്റെ സേവനങ്ങൾ വൈകാരികതയുമായി കെട്ടുപിണഞ്ഞ താണ്. അറുതുകളിലും എഴുപതുകളിലും അയൽ രാജ്യങ്ങൾ ഉയർത്തിയ യുദ്ധഭീതി അകറ്റാൻ പിടിപ്പതു പണി ചെയ്തു. ഒടുവിൽ കാർഗിൽ യുദ്ധവിജയത്തിൽ മുഖ്യപങ്കാളിയായി. കുവൈത്ത് യുദ്ധകാലത്ത് ഒന്നര ലക്ഷത്തിലധികം ഇന്ത്യക്കാരെ നാട്ടിലെത്തിച്ച ഓപ്പറേഷൻ എയർ ലിഫ്ട്, യെമൻ യുദ്ധഭൂമിയിൽ നിന്ന് ഇന്ത്യക്കാരെ രക്ഷിച്ച ഓപ്പറേഷൻ റാഹത്ത്, യുക്രെയ്നിൽ നിന്നുള്ള രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗ. അങ്ങനെ സമീപകാല സ്നേഹസമരണകൾ ഏറെയുണ്ട്. ഒപ്പം പ്രഹര ശേഷിയിൽ പിടിമുറുക്കി, റഫാൽ യുദ്ധവിമാനങ്ങൾ പോലുള്ള ബ്രഹ്മാസ്ത്രങ്ങളുമായി സേന മുന്നേറുകയാണ്. കരുതലും കാവലുമായി. ഈ ജന്മദിനത്തിൽ നൽകാം ഇന്ത്യൻ എയർഫോഴ്സിന് ബിഗ് സല്യൂട്ട്...