നിലവില്‍ ഇന്ത്യയ്ക്കൊപ്പമല്ലെങ്കിലും സിന്ധ് സാംസ്കാരികമായി ഇന്ത്യയുടേതാണെന്നും അതിര്‍ത്തികള്‍ മാറിയേക്കാമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. 1947ലെ വിഭജനത്തിലാണ് സിന്ധു നദിയ്ക്കരികെയുള്ള സിന്ധ് പ്രവിശ്യ പാക്കിസ്ഥാനിലായിപ്പോയത്. ആ പ്രദേശത്ത് കഴിഞ്ഞിരുന്നവര്‍ ഇന്ത്യയിലേക്കും എത്തി. 'എല്‍.കെ.അഡ്വാനിയെ പോലെ സിന്ധികള്‍ ഒരിക്കലും ഈ വിഭജനത്തെ അംഗീകരിച്ചിരുന്നില്ലെന്നും സിന്ധ് ഇന്ത്യയുടെ ഭാഗമെന്ന് തന്നെയാണ് അവര്‍ വിശ്വസിച്ചിരുന്നതെന്നും' രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു. 'സിന്ധു നദിയെയും ഹിന്ദുക്കള്‍ പുണ്യനദിയായാണ് കരുതുന്നത്. മക്കയിലെ സംസം വെള്ളം പോലെ പവിത്രമാണ് സിന്ധു നദിയിലെ വെള്ളമെന്ന് കരുതുന്ന നിരവധി മുസ്ലിംകളുമുണ്ടെ'ന്ന് അഡ്വാനി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
'സിന്ധ് എന്ന ഭൂപ്രദേശം ഇന്ന് ഇന്ത്യയുടെ ഭാഗമല്ല. പക്ഷേ സാംസ്കാരികമായി സിന്ധ് എക്കാലവും ഇന്ത്യയുടേതാണ്. ഭൂമിയുടെ കാര്യം പറഞ്ഞാല്‍ അതിര്‍ത്തികള്‍ക്ക് മാറ്റം സംഭവിക്കാം. നാളെ സിന്ധ് ഇന്ത്യയിലേക്ക് തിരികെ ചേര്‍ക്കപ്പെട്ടുകൂടായ്കയില്ലല്ലോ. സിന്ധു നദിയെ പവിത്രമായി കരുതുന്ന സിന്ധിലെ നമ്മുടെ ജനങ്ങള്‍ എക്കാലവും നമ്മുടേതാണ്. അവര്‍ എവിടെ ആയിരുന്നാലും നമ്മുടേതാണ്'- പ്രതിരോധ മന്ത്രി പറഞ്ഞു.
നേരത്തെ മൊറോക്കോയില്‍ ഇന്ത്യന്‍ സമൂഹവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയും രാജ്നാഥ് സിങ് അതിര്‍ത്തികള്‍ വിശാലമായേക്കുമെന്ന സൂചന നല്‍കിയിരുന്നു. പാക് അധീന കശ്മീര്‍ ഇന്ത്യയോട് ചേര്‍ക്കണമെന്ന് അവിടെയുള്ള ജനങ്ങള്‍ തന്നെ ആവശ്യമുയര്‍ത്തിയിട്ടുണ്ട്. അത് ഇന്ത്യയുടെ ഭൂമിയാണെന്നായിരുന്നു പ്രതിരോധമന്ത്രിയുടെ പരാമര്‍ശം.