പഹല്‍ഗാമിലെ ഭീകരന്‍ ആദില്‍ തോകാറിന്‍റെ വീട് തകര്‍ത്ത് ജമ്മുകശ്മീര്‍ സര്‍ക്കാര്‍. ഇന്നലെ രാത്രിയാണ് വീട് സ്ഫോടനത്തില്‍ തകര്‍ത്തത്. പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് എല്ലാ സഹായവും ചെയ്തുനല്‍കിയത് ആദിലാണെന്നാണ് റിപ്പോര്‍ട്ട്. 2018 ല്‍ അട്ടാരി–വാഗ അതിര്‍ത്തിയിലൂടെ പാക്കിസ്ഥാനിലേക്ക് പോയ ആദില്‍ ഭീകര ക്യാംപുകളില്‍ നിന്ന് പരിശീലനം നേടി കഴിഞ്ഞ വര്‍ഷമാണ് അനന്ത്നാഗില്‍ തിരികെ എത്തിയത്. നുഴഞ്ഞുകയറിയാണ് ആദിലെത്തിയതെന്നും സൈന്യം സ്ഥിരീകരിച്ചിരുന്നു.
അതിനിടെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഗൂഢാലോചന നടത്തിയ ആസിഫ് ഷെയ്ഖിന്‍റെ വീടും അധികൃതര്‍ തകര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്. വീടുകള്‍ക്കുള്ളില്‍ സ്ഫോടക വസ്തു സൂക്ഷിച്ചിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭീകരരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപയാണ് അനന്ത്നാഗ് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ആദില്‍ തോകര്‍, അലി ഭായ്, ഹാഷിം മൂസ എന്നിവര്‍ക്കായാണ് ഊര്‍ജിതമായ തിരച്ചില്‍ നടക്കുന്നത്.
2019ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. ഭീകരരില്‍ ചിലര്‍ സൈനികവേഷത്തിലായിരുന്നുവെന്നും പേര് ചോദിച്ച ശേഷം നെറ്റിയില്‍ നിറയൊഴിക്കുകയായിരുന്നുവെന്നും രക്ഷപെട്ടവര്‍ മൊഴി നല്‍കിയിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് പുല്‍മേട്ടില്‍ വിശ്രമിച്ചിരുന്ന സഞ്ചാരികള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.