പഹൽഗാം ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് കലിമ ചൊല്ലിയതിനാലെന്ന് കോളജ് അധ്യാപകന്റെ വെളിപ്പെടുത്തൽ. അസമിലെ കോളജ് അധ്യാപകനായ ദേവാശിഷ് ഭട്ടാചാര്യയാണ് കലിമ അറിയാമായിരുന്നതുകൊണ്ട് ഭീകരരിൽ നിന്ന് രക്ഷപ്പെട്ടത്. അടുത്തുള്ള രണ്ടു മൂന്നു പേർ കലിമ ചൊല്ലിയപ്പോൾ ദേവാശിഷ് ഭട്ടാചാര്യയും മെല്ലെ ചൊല്ലി. ഇത് കേട്ട ഭീകരർ തന്നെ വെറുതെ വിടുകയായിരുന്നുവെന്ന് ദേവാശിഷ് ഭട്ടാചാര്യ പറഞ്ഞു.
സിൽച്ചറിലെ അസം സർവകലാശാലയിൽ ബംഗാളി അധ്യാപകനാണ് 58 വയസ്സുകാരനായ പ്രൊഫസർ ദേബാഷിഷ് ഭട്ടാചാര്യ. ഇസ്ലാമിക ഗ്രന്ഥങ്ങളെക്കുറിച്ചുള്ള തന്റെ അറിവാണ് ജീവൻ രക്ഷപ്പെടുത്താൻ സഹായിച്ചതെന്ന് അദ്ദേഹം പറയുന്നു. പ്രൊഫസർ ഭട്ടാചാര്യ, ഭാര്യ മധുമിത ഭട്ടാചാര്യ, മകൻ ദ്രോഹദീപ് എന്നിവർ കശ്മീരിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയപ്പോഴാണ് ഭീകരാക്രമണം നടന്നത്. ഒരു മരത്തിനടിയിൽ കിടന്ന് വിശ്രമിക്കുമ്പോഴാണ് വെടിയൊച്ച കേട്ടതെന്ന് അദ്ദേഹം പറഞ്ഞു. വന്യമൃഗങ്ങളെ ഭയപ്പെടുത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന ബ്ലാങ്ക് ഷോട്ട് ആണെന്നാണ് ആദ്യം കരുതിയത്. എന്നാൽ വിനോദസഞ്ചാരികളെ വെടിവച്ചുകൊല്ലുന്നത് നേരിട്ട് കണ്ടപ്പോൾ പതറി. പരിഭ്രാന്തരായി കുടുംബം ഓടി ഒരു മരത്തിനടിയിൽ ഒളിച്ചു.
ഇതിനിടെയാണ് തീവ്രവാദി കൂടെയുള്ളവരോട് കലിമ ചൊല്ലാൻ ആവശ്യപ്പെട്ടത്. ഒടുവിൽ തന്റെ ഊഴമായി. താൻ ഉറക്കെ കലിമ ചൊല്ലാൻ തുടങ്ങിയതോടെ വെടിവെക്കാതെ വെറുതെ വിട്ടു. ഭാര്യ മധുമിത നെറ്റിയിലെ സിന്ദൂരം തുടയ്ക്കുകയും ചെയ്തു. ഭീകരർ പോയതോടെവേഗത്തിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറുകയായിരുന്നു.