simla

TOPICS COVERED

ഷിംല കരാര്‍ മരവിപ്പിക്കുമെന്ന് പാക്കിസ്ഥാന്‍ പറയുമ്പോള്‍ എന്താണ് അതിന്‍റെ പ്രതിഫലനം എന്ന ചോദ്യമുയരുന്നു. ചര്‍ച്ചകള്‍ക്കുള്ള വഴി പാക്കിസ്ഥാന്‍ അടയ്ക്കുന്നു എന്നത് മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യക്ക് ഇതുകൊണ്ട് കാര്യമായൊന്നും നഷ്ടപ്പെടാനില്ല എന്നുവേണം വിലയിരുത്താന്‍. കാരണം മുന്‍പും പലതവണ കരാര്‍ ലംഘിക്കപ്പെട്ടിട്ടുണ്ട്.

1971 ഡിസംബര്‍ 16 പാക്കിസ്ഥാന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ദിവസങ്ങളില്‍ ഒന്നാണ്. 14 ദിവസം നീണ്ട യുദ്ധത്തിനൊടുവില്‍ 90,000 പാക് സൈനികര്‍ ഇന്ത്യക്കുമുന്നില്‍ പരസ്യമായി അടിയറവു പറഞ്ഞ ദിവസം. ഇന്ത്യയുടെ വിജയത്തിനൊപ്പം ബംഗ്ലദേശ് എന്ന രാജ്യത്തിന്‍റെ ജനനവും അന്നായിരുന്നു. തുടര്‍ന്ന് ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ ഭിന്നതകള്‍ പരിഹരിക്കാനും സൗഹാര്‍ദപരമായി മുന്നോട്ടുപോകാനും ധാരണയായി. 1972 ജൂലൈ രണ്ടിന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പാക്കിസ്ഥാന്‍ പ്രസിഡന്റ് സുല്‍ഫിക്കര്‍ അലി ഭൂട്ടോയും ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ വച്ച് കരാറില്‍ ഒപ്പുവച്ചു. ഇന്ത്യയും പാക്കിസ്ഥാനും രാജ്യാന്തര അതിര്‍ത്തിയില്‍ അതത് ഭാഗങ്ങളിലേക്ക്പിന്‍മാറണം. ജമ്മു കശ്മീരില്‍ 1971 ലെ യുദ്ധാനന്തരം അംഗീകരിച്ച നിയന്ത്രണ രേഖ അംഗീകരിക്കണം. ഭിന്നതകള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെയോ ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമായ സമാധാനപരമായ മറ്റ് മാര്‍ഗങ്ങളിലൂടെയോ പരിഹരിക്കണം. പരമാധികാരവും സ്വാതന്ത്ര്യവും പരസ്പരം മാനിക്കണം. ഇങ്ങനെ പോകുന്നു ഷിംല കരാറിലെ നിര്‍ദേശങ്ങള്‍. പക്ഷേ ഇത് പാലിക്കപ്പെട്ടോ... പാക്കിസ്ഥാന്‍ പിന്തുണയോടെ നടത്തിയ വലുതും ചെറുതുമായ ഭീകരാക്രമണങ്ങള്‍ മാറ്റിനിര്‍ത്താം. 1999 ല്‍ കാര്‍ഗില്ലില്‍ കണ്ടത് ഷിംല കരാറിന്‍റെ നഗ്നമായ ലംഘനമായിരുന്നു. ഇന്ത്യക്കുള്ളില്‍ 150 സ്ക്വയര്‍ കിലോമീറ്റര്‍ വരെ പാക്കിസ്ഥാന്‍ എത്തി. ദിവസങ്ങള്‍ക്കുള്ളില്‍ അവരെ ഇന്ത്യ തുരത്തി എന്നത് ചരിത്രം. പാക് ഭാഗത്തുനിന്ന് നിയന്ത്രണ രേഖയ്ക്കു സമീപം എത്രയോ തവണ വെടിവയ്പ്പുണ്ടായി. ഇന്ത്യ തിരിച്ചടിച്ചു. കശ്മീരിന് വേണ്ടി പാക് അധികൃതര്‍ പരസ്യമായി നടത്തുന്ന അവകാശവാദം പോലും കരാറിന്‍റെ ലംഘനമായി കണക്കാക്കാം. പലതവണ ലംഘിക്കപ്പെട്ട കരാര്‍ ഔദ്യോഗികമായി റദ്ദാക്കുന്നു എന്നുമാത്രം. ഒരുപക്ഷേ ചൈനയെപ്പോലെ ഒരു മൂന്നാംകക്ഷിയെ തര്‍ക്കത്തില്‍ ഉള്‍പ്പെടുത്താന്‍ പാക്കിസ്ഥാന് സാധിച്ചേക്കാം

ENGLISH SUMMARY:

With Pakistan announcing the suspension of the Simla Agreement, questions arise about its implications. Apart from closing the door to future dialogue, India is unlikely to face significant consequences, as the agreement has been violated multiple times in the past.