പഹല്‍ഗാം ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത ഹാഷിം മൂസ മുന്‍പും ആക്രമണങ്ങള്‍ നടത്തിയെന്ന് എന്‍ഐഎ. കശ്മീരില്‍ ഒരുവര്‍ഷത്തിനിടെ നടന്ന മൂന്ന് ആക്രമണങ്ങളില്‍ ഹാഷിം മൂസയ്ക്ക് പങ്കുണ്ട്. പാക് പൗരനായ മൂസ ഒരുവര്‍ഷമായി കശ്മീരിലുണ്ടെന്നും എന്‍ഐഎ വൃത്തങ്ങള്‍ വ്യക്തമാക്കി.
പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയവരില്‍ നേരത്തെ തിരിച്ചറിഞ്ഞവരില്‍ ഒരാളാണ് ഹാഷിം മൂസ. ആസിഫ് ഫൗജി, ഹാഷിം മൂസ എന്ന സുലൈമാന്‍ ഷാ,അബു തല്‍ഹ എന്നിവരടങ്ങുന്ന അഞ്ച് അംഗ സംഘമാണ് പഹല്‍ഗാമില്‍ ആക്രമണം നടത്തിയത്. സംഘത്തിലെ രണ്ടുപേരുടെ രേഖാചിത്രം കൂടി പൊലീസ് പുറത്തുവിട്ടു. ആകെ അഞ്ച് ഭീകരരാണ് സംഘത്തിലുണ്ടായിരുന്നത്.
അതേസമയം ഭീകരരുടെ ഒളിയിടത്തെ കുറിച്ച് സൈന്യത്തിന് വിവരം ലഭിച്ചതായി സൂചന. ഭീകരര്‍ ഒളിച്ചിരിക്കുന്നത് പിര്‍ പിഞ്ചാല്‍ മേഖലയിലെന്നാണ് വിവരം. ലഷ്കറിനൊപ്പം മറ്റ് ഭീകര സംഘടനകളുടെ സഹായവും ഇവര്‍ക്ക് ലഭിച്ചെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഭീകരാക്രമണത്തില്‍ ഇതുവരെ 2000 പേരെ ചോദ്യം ചെയ്തെന്ന് പൊലീസ് വ്യക്തമാക്കി.