വനിത സംവരണ ഭേദഗതി ബിൽ ലോക്സഭ കടക്കുമോ എന്ന് ഇന്നറിയാം. വൈകിട്ട് നാലുമണിക്കാണ് വോട്ടെടുപ്പ്. ഭരണഘടന ഭേദഗതി ആയതിനാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം എന്നതാണ് സർക്കാരിന് മുന്നിലെ വെല്ലുവിളി. നിലവിലെ സാഹചര്യത്തിൽ പ്രതിപക്ഷത്തു നിന്ന് കാര്യമായ പിന്തുണ ലഭിക്കാൻ ഇടയില്ല. അതേസമയം മണ്ഡല പുനർനിർണയം നടത്തുമ്പോൾ എല്ലാ സംസ്ഥാനങ്ങളിലും ലോക്സഭ സീറ്റുകളുടെ എണ്ണം അൻപത് ശതമാനം വീതം വർധിക്കുമെന്നും പ്രാതിനിധ്യം കുറയില്ലെന്നും ഇന്നലെ ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തിൽ പ്രതിപക്ഷത്തു നിന്ന് ആരെങ്കിലും പിന്തുണയ്ക്കുമോ എന്നാണ് സർക്കാർ നോക്കുന്നത്. രാജ്യസഭയിൽ മാത്രം അംഗങ്ങളുള്ള BJD ബില്ലിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബിൽ പാസാകാതെ വന്നാൽ അത് പ്രതിപക്ഷത്തിന് എതിരെ ശക്തമായ പ്രചാരണായുധമാക്കാനാണ് BJP തീരുമാനം. ഇന്നലെ പന്ത്രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ച രാത്രി 1.20നാണ് അവസാനിച്ചത്. രാജ്യസഭയിൽ ബില്ലുകൾ ഇന്ന് അവതരിപ്പിക്കും. അതേസമയം വനിതാ സംവരണ–മണ്ഡല പുനര്‍നിര്‍ണയ ബില്ലുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കെ.സി വേണുഗോപാല്‍ എംപി രംഗത്തുവന്നു. മോദി നാടകം കളിക്കുകയാണെന്നും മണ്ഡല പുനര്‍നിര്‍ണയത്തെപ്പറ്റി ഒന്നും പറഞ്ഞില്ലെന്നും കെ.സി വേണുഗോപാല്‍ ലോക്സഭയില്‍ പറഞ്ഞു.
2010ല്‍ വനിതാസംവരണം കൊണ്ടുവന്നത് കോണ്‍ഗ്രസ് ആണെന്ന് ഓര്‍മപ്പെടുത്തിയ അദ്ദേഹം വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വേണെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും പ്രധാനമന്ത്രി അതിന് തയാറായില്ലെന്ന് കുറ്റപ്പെടുത്തി. ബില്ലുകള്‍ പാസാക്കുന്നതിലല്ല സര്‍ക്കാരിന്‍റെ താല്‍പ്പര്യമെന്നും മറിച്ച് പ്രതിപക്ഷം എതിര്‍ത്തുവെന്ന് സ്ഥാപിക്കലാണ് അവരുടെ ലക്ഷ്യമെന്നും കെ.സി ആരോപിച്ചു.