തമിഴ്നാട് ആളിയാര്‍ ഡാമില്‍ മൂന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ചെന്നൈയിലെ സവീത കോളജ് ഓഫ് ഫിസിയോതെറാപ്പിയിലെ നാലാം വര്‍ഷ ബി.പി.ടി വിദ്യാര്‍ഥികളായ ജോസഫ് ആന്‍റന്‍ ജെന്നിഫ്, എം.രേവന്ദ്, പി.തരുണ്‍ എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രയ്ക്കെത്തിയ സംഘം കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു.
പൊള്ളാച്ചിയില്‍ നിന്നും വാല്‍പ്പാറയിലേക്ക് പോകുന്ന ഭാഗത്തായി ഡാമിന്‍റെ കൈവഴിയില്‍ രാവിലെയായിരുന്നു അപകടം. ഒഴുക്കില്‍പ്പെട്ടവരെ പൊലീസും അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. മൂവരുടെയും മൃതദേഹം പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
ഒഴുക്കില്‍പ്പെട്ട രേവന്ദിനെ രക്ഷപ്പെടുത്താന്‍ മറ്റുള്ളവര്‍ ശ്രമിക്കുന്നതിനിടെ മറ്റുള്ളവര്‍ കൂടി അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് സംഘത്തിലെ മറ്റ് വിദ്യാര്‍ഥികള്‍ പൊലീസിന് നല്‍കിയിരിക്കുന്ന വിവരം.