ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനും ബിജെപി മുന്‍ എംപിയുമായ ഗൗതം ഗംഭീറിന് വധഭീഷണി. ഐഎസ്ഐഎസ് കശ്മീരിന്‍റേതാണ് ഭീഷണി സന്ദേശമെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ചയാണ് ഇമെയില്‍ രണ്ടുവട്ടം സന്ദേശമെത്തിയതെന്നും ' ഐ കില്‍ യു' എന്നാണ് അതില്‍ എഴുതിയിരുന്നതെന്നും ഗംഭീര്‍ ഡല്‍ഹി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തന്‍റെയും കുടുംബത്തിന്‍റെയും സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ടാണ് ഗംഭീര്‍ പൊലീസിനെ സമീപിച്ചത്.
കശ്മീരില്‍ ഭീകരാക്രമണം ഉണ്ടായ ദിവസം ഉച്ചയ്ക്കും വൈകുന്നേരവുമാണ് ഗംഭീറിന് ഭീഷണി സന്ദേശമെത്തിയത്. ഇതാദ്യമായല്ല, ഗംഭീറിനെ വധിക്കുമെന്നുള്ള ഭീഷണി സന്ദേശം പുറത്തുവരുന്നത്. 2021 നവംബറില്‍ എംപിയായിരിക്കെയും ഗംഭീറിന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് ഗംഭീര്‍ അന്നേ ദിവസം തന്നെ സമൂഹ മാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവച്ചിരുന്നു.
'ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കായി പ്രാര്‍ഥിക്കുന്നു. ഉത്തരവാദികള്‍ ആരായാലും കനത്ത വില നല്‍കേണ്ടി വരും. ഇന്ത്യ തിരിച്ചടിക്കും'- എന്നായിരുന്നു ഗംഭീര്‍ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചത്. ഗംഭീറിന്‍റെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായും ഭീഷണി സന്ദേശത്തിന്‍റെ ഉറവിടം വൈകാതെ കണ്ടെത്താനാകുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 2019ലെ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ ഉണ്ടായത്.