പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണം രാജ്യത്തിന്റെ നെഞ്ചുലച്ചിരിക്കുകയാണ്. രാഷ്ട്രീയ സാംസ്കാരിക മേഖലയില്‍ നിന്നുമുള്ള പ്രമുഖര്‍ അനുശോചനം അറിയിച്ചും നീതി ആവശ്യപ്പെട്ടും രംഗത്തെത്തി.
ഹിന്ദി ടെലിവിഷന്‍ താരങ്ങളും ദമ്പതികളുമായ ദീപിക കക്കര്‍, ഷൊയിബ് ഇബ്രാഹിം എന്നിവരും ഭീകരാക്രമണത്തോടടുത്തുള്ള സമയത്ത് ജമ്മു കശ്മീരിലുണ്ടായിരുന്നു. മകനോടൊപ്പമുള്ള യാത്രയിലെ ചിത്രങ്ങളും ഇരുവരും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഭീകരാക്രമണം നടക്കുന്നതിന് രണ്ട് ദിവസം മുമ്പായിരുന്നു കശ്മീരില്‍ നിന്നുമുള്ള ചിത്രങ്ങള്‍ ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ഭീകരാക്രമണത്തിന് പിന്നാലെ ഇവരുടെ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ ആശങ്ക അറിയിരുന്നു.
തങ്ങള്‍ സുരക്ഷിതരാണെന്നും ഭീകരാക്രമണത്തിനുമുന്നേ അവിടെ നിന്നും പോയിരുന്നുവെന്നും അറിയിച്ച് ഷൊയിബ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. 'ഹായ് ഗയ്സ്, ഞങ്ങളെ ഓര്‍ത്ത് നിങ്ങളെല്ലാം ആശങ്കയിലായിരുന്നു. ഞങ്ങള്‍ സുരക്ഷിതരാണ്, ഇന്ന് രാവിലെ കശ്മീരില്‍ നിന്നും പോയി. ഡല്‍ഹിയില്‍ സുരക്ഷിതരായി എത്തി. നിങ്ങളുടെ കരുതലിന് നന്ദി. പുതിയ വ്ലോഗ് ഉടന്‍ വരുന്നു' എന്നാണ് ഷൊയിബ് കുറിച്ചത്.
എന്നാല്‍ രാജ്യമാകെ ഭീകരാക്രമണത്തിന്റെ നടുക്കത്തിലായിരിക്കുമ്പോള് പുതിയ വ്ലോഗിന്റെ അപ്ഡേഷന് നല്കിയ ദമ്പതികള്‍ക്കെതിരെ വലിയ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ഇവരുടെ വിഡിയോക്കായി കാത്തിരിക്കുന്ന ഒരു പണിയുമില്ലാത്ത ആളുകള്‍ ആരാണ് എന്നാണ് ഒരു കമന്റ്. ഒരു ദുരന്തസമയത്താണോ ഇത്തരം പോസ്റ്റുകളെന്നും ആളുകള്‍ ചോദിക്കുന്നു. വിമര്‍ശനം കടുത്തതോടെ ഇന്‍സ്റ്റഗ്രാമില്‍ നിന്നും സ്റ്റോറി നീക്കം ചെയ്തു.