upendra-dwivedi-02

ഓപ്പറേഷന്‍ സിന്ദൂറിനായി സമയം നിശ്ചയിച്ചപ്പോള്‍ ഇസ്​ലാം മതവിശ്വാസികളുടെ നമസ്കാര സമയം കഴിഞ്ഞാണ് ആക്രമണം നടത്തിയത് വെളിപ്പെടുത്തി സൈനിക മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. 'എല്ലാവര്‍ക്കും ഉടയവന്‍ ഒരാളെന്ന' ഇന്ത്യന്‍ വിശ്വാസമാണ് പ്രാര്‍ഥനാ സമയങ്ങള്‍ ആക്രമണങ്ങളില്‍ നിന്നൊഴിവാക്കാനുള്ള കാരണമെന്ന് അദ്ദേഹം വെളിപ്പെടുത്തി. 

ഓപ്പറേഷന്‍ സിന്ദൂറിന് ഏത് സമയവും തിരഞ്ഞെടുക്കാനുള്ള അവസരം ഇന്ത്യയ്ക്ക് മുന്നിലുണ്ടായിരുന്നു. പക്ഷേ ഇന്ത്യന്‍ സൈന്യം പ്രാര്‍ഥനയുടെ സമയത്തെ ആക്രമണങ്ങള്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. 'ഭീകരത്താവളങ്ങള്‍ തകര്‍ക്കാന്‍ രണ്ട് മണിയോ, നാലുമണിയോ എപ്പോള്‍ വേണമെങ്കിലും തിരഞ്ഞെടുക്കാമായിരുന്നു. എന്നാല്‍ പാക്കിസ്ഥാനില്‍ പ്രാര്‍ഥനാസമയത്ത് ആക്രമണം നടത്തുന്നത് ശരിയല്ല എന്ന തീരുമാനമാണ് കമാന്‍ഡര്‍മാര്‍ കൈക്കൊണ്ടത്. എല്ലാവരുടെയും യജമാനനന്‍ ഒരാളാണല്ലോ. അതുകൊണ്ടാണ് അതല്ലാത്ത സമയം തിരഞ്ഞെടുത്തത്'– ജനറല്‍ ദ്വിവേദി വിശദീകരിച്ചു.

IIMUCN ന്‍റെ പോഡ്കാസ്റ്റില്‍ റിഷഭ് ഷായോട് സംസാരിക്കവേയാണ് സൈനിക മേധാവി ഇക്കാര്യം തുറന്ന് പറഞ്ഞത്. നിര്‍ണായകമായ സൈനിക ഓപ്പറേഷനുകള്‍ നടത്തുമ്പോള്‍ പോലും ലക്ഷ്യസ്ഥാനങ്ങള്‍ക്കപ്പുറത്തേക്ക് എന്തെല്ലാം കാര്യങ്ങള്‍ സൈന്യം കണക്കിലെടുക്കുമെന്നതിലേക്കുള്ള സൂചന കൂടിയാണ് ഈ വെളിപ്പെടുത്തല്‍. പ്രായോഗികവും ധാര്‍മികവുമായി നിരവധി കാരണങ്ങള്‍ കൂടി കണക്കിലെടുത്താണ് ഒരു രാജ്യത്തിന്‍റെ സൈനിക നയത്തെയും നിര്‍ണായക തീരുമാനങ്ങളെയും രൂപപ്പെടുത്തുന്നത് എന്നും അദ്ദേഹത്തിന്‍റെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. കടുത്ത സമ്മര്‍ദമുള്ള ഓപ്പറേഷനുകളില്‍ ശാന്തത കൈവരിക്കാന്‍ ഭഗവദ്ഗീതയും മറ്റ് വിശുദ്ധ ഗ്രന്ഥങ്ങളും താന്‍ ആശ്രയിക്കാറുണ്ടെന്നും നിര്‍ണായ ദൗത്യങ്ങള്‍ക്കിടയിലെ ധാര്‍മികപ്രശ്നങ്ങള്‍ തിരിച്ചറിയാനും സങ്കീര്‍ണതകള്‍ ലഘൂകരിക്കാനും അവ തന്നെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

തന്‍റെ വ്യക്തി ജീവിതത്തിലും പ്രഫഷനല്‍ ജീവിതത്തിലും പെണ്‍മക്കള്‍ സ്വാധീനിച്ചതിനെ കുറിച്ചും അദ്ദേഹം പോഡ്കാസ്റ്റില്‍ മനസ് തുറന്നു. സൈന്യത്തില്‍ സ്ത്രീകളുടെ സാന്നിധ്യം സംബന്ധിച്ച വിഷയങ്ങളില്‍ തീരുമാനം കൈക്കൊള്ളുമ്പോള്‍ മക്കളായിരുന്നു തന്‍റെ മാര്‍ഗദര്‍ശികള്‍ എന്നാണ് ജനറല്‍ ദ്വിവേദി പറഞ്ഞത്. പെണ്‍മക്കളുടെ കാഴ്ചപ്പാടുകളെന്താണെന്ന് താന്‍ ആരായുകയും അതില്‍ നിന്നും ജോലിസ്ഥലം എങ്ങനെയുള്ളതാവണമെന്നും ജോലി സ്ഥലത്ത് എന്തെല്ലാം കാര്യങ്ങള്‍ മാറണമെന്നതിലടക്കം അവരുടെ താല്‍പര്യമെന്തെന്ന് അന്വേഷിക്കുകയും അതില്‍ നിന്നും സൈന്യത്തിന് യോജിക്കുന്ന കാര്യങ്ങള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. 'ഒരു വ്യക്തിയോട് ഇടപെടുന്നതിനായി താഴേക്ക് ഇറങ്ങിച്ചെല്ലേണ്ടതുണ്ടെന്ന് അവര്‍ എന്നെ പഠിപ്പിച്ചു. സദാസമയവും ആറടി ഉയരക്കാരനായി നിന്നാല്‍ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ നിങ്ങളെ സ്പര്‍ശിക്കാതെ പോകും' എന്ന വസ്തുത മക്കളില്‍ നിന്നാണ് താന്‍ പഠിച്ചതെന്നും സൈന്യത്തില്‍ ലിംഗസമത്വം കൊണ്ടുവരുന്നതില്‍ ഇത്തരം തിരിച്ചറിവുകള്‍ സഹായിച്ചിട്ടുണ്ടെന്നും ജനറല്‍ ദ്വിവേദി കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

Army Chief General Upendra Dwivedi shared insights into the ethical considerations behind critical military operations like Operation Sindhu. He revealed that the timing of the strikes on terror camps was intentionally set to avoid Islamic prayer times in Pakistan. This decision was rooted in the Indian belief that "everyone serves the same Almighty," showcasing a respect for spiritual practices. General Dwivedi discussed these details during a recent podcast, highlighting the balance between tactical precision and moral responsibility. He also credited the Bhagavad Gita and other holy scriptures for providing mental clarity during high-pressure missions. Furthermore, the General spoke about his daughters' influence on his professional life and their role in promoting gender equality in the army.