U.S. Vice President JD Vance arrives in New Delhi
നാലുദിവസത്തെ സന്ദര്‍ശനത്തിനായി യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി.വാന്‍സ് ഡല്‍ഹിയിലെത്തി. പാലം വ്യോമതാവളത്തില്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അദ്ദേഹത്തെ സ്വീകരിച്ചു. വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വാന്‍സ് കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി വ്യാപാര കരാര്‍ വേഗത്തിലാക്കുന്നതിനുള്ള നടപടികളും വിവിധ മേഖലകളിലെ സഹകരണവും ചര്‍ച്ചയാവും. ഔദ്യോഗിക വസതിയില്‍ പ്രധാനമന്ത്രി അത്താഴ വിരുന്നും നല്‍കും.
വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തേക്കും. നാളെ ജയ്പുരിലെത്തുന്ന വാന്‍സ് വിവിധ ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കും. വൈകിട്ട് രാജസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ സെന്‍ററില്‍ നടക്കുന്ന യോഗത്തെ അഭിസംബോധന ചെയ്യും. ബുധനാഴ്ച ആഗ്രയില്‍ താജ്മഹലും സന്ദര്‍ശിക്കും. ഭാര്യയും ഇന്ത്യന്‍ വംശജയുമായ ഉഷയും മക്കളും ജെ.ഡി.വാന്‍സിനെ അനുഗമിക്കുന്നുണ്ട്.