സുപ്രീംകോടതിക്കും ചീഫ് ജസ്റ്റിസിനുമെതിരെ ബി.ജെ.പി. എം.പി നിഷികാന്ത് ദുബെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധം കനക്കുന്നു. കോടതിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് ബി.ജെ.പി. ശ്രമമെന്നും പരാമര്‍ശം ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ തള്ളിയത് കണ്ണില്‍ പൊടിയിടാനാണെന്നും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. കോടതി സ്വമേധായ കേസെടുക്കണമെന്ന് എ.എ.പി ആവശ്യപ്പെട്ടു.
രാജ്യത്ത് മതയുദ്ധങ്ങളുണ്ടാക്കുന്നത് സുപ്രീംകോടതിയാണെന്നും ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കു കാരണം ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണെന്നുമാണ് ബി.ജെ.പി. എം.പി നിഷികാന്ത് ദുബെ പറഞ്ഞത്. വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവിലും ബില്ലുകള്‍ ഒപ്പിടുന്നതില്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ചതിലും ഉള്ള പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു വിമര്‍ശനം
വിവാദമായതിന് പിന്നാലെ പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡ പരാമര്‍ശം തള്ളി രംഗത്തെത്തി. നിഷികാന്ത് ദുബെയുടെത് വ്യക്തിപരമായ അഭിപ്രായമാണ്. കോടതികളുടെ ഉത്തരവുകളും നിര്‍ദേശങ്ങളും ബഹുമാനത്തോടെ കാണുന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും നഡ്ഡ എക്സില്‍ കുറിച്ചു. ചീഫ് ജസ്റ്റിസിനെതിരെ അതീവ ഗുരുതര ആരോപണങ്ങളാണ് നിഷികാന്ത് ദുബെ ഉന്നയിച്ചതെന്നും ബ്ലാക്മെയില്‍ ചെയ്ത് വരുതിയിലാക്കാനാണ് ശ്രമമെന്നും കെ.സി.വേണുഗോപാല്‍ കുറ്റപ്പെടുത്തി. പരാമര്‍ശത്തെ തള്ളിപ്പറഞ്ഞ ബി.ജെ.പി. ദേശീയ നേതൃത്വം ദുബെയ്ക്കെതിരെ നടപടിയെടുക്കുമോ എന്നും കെ.സി.ചോദിച്ചു. കോടതിയലക്ഷ്യ പരാമര്‍ശമാണ് എം.പി നടത്തിയതെന്നും സ്വമേധയാ കേസെടുക്കണമെന്നും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യപ്പെട്ടു