മുൻ മന്ത്രിയും ആർജെഡി ദേശീയ നേതാവുമായ എ. നീലലോഹിതദാസന്‍ നാടാര്‍ക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചു. വെറുതെവിട്ട ഉത്തരവിനെതിരെയാണ് പരാതിക്കാരി സുപ്രീംകോടതിയെ സമീപിക്കുന്നത്. എല്ലാ വശങ്ങളും ഹൈക്കോടതി പരിശോധിച്ചില്ലെന്നാണ് വാദം.
വനംവകുപ്പു മുൻ ഡിഎഫ്ഒയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ശിക്ഷ റദ്ദാക്കി ഹൈക്കോടതി വിട്ടയച്ചിരുന്നു. ഒരു വർഷത്തെ തടവിനു ശിക്ഷിച്ച കോഴിക്കോട് മജിസ്ട്രേട്ട് കോടതി വിധിയും പിന്നീട് മൂന്നുമാസമായി ഇളവ് ചെയ്തിരുന്നു. ഈ സെഷൻസ് കോടതി വിധിയും ജസ്റ്റിസ് കൗസർ എടപ്പഗത്ത് റദ്ദാക്കിയിരുന്നു. കാൽനൂറ്റാണ്ടിനു ശേഷമാണ് കേസില്‍ വിധിയുണ്ടായത്. 2025 സെപ്റ്റംബറിലാണ് എ. നീലലോഹിതദാസന്‍ നാടാരെ ഹൈക്കോടതി വെറുതെ വിട്ടത്.
കോഴിക്കോട് ഡിഎഫ്ഒ ആയിരുന്ന വനിത ഐഎഫ്എസ് ഓഫിസറെ വനം മന്ത്രിയായിരുന്ന നീലലോഹിതദാസൻ നാടാർ ഔദ്യോഗിക ചർച്ചയ്‌ക്കെന്നു പറഞ്ഞു കോഴിക്കോട് ഗെസ്റ്റ് ഹൗസിൽ വിളിച്ചുവരുത്തി കടന്നുപിടിച്ചു എന്നാണു പരാതി. പരാതി നൽകാൻ 2 വർഷം വൈകിയതും പ്രോസിക്യൂഷൻ തെളിവുകളിലെ പൊരുത്തക്കേടുകളും പരിഗണിച്ചാണു സംശയത്തിന്റെ ആനുകൂല്യത്തിൽ ഹൈക്കോടതി പ്രതിയെ വിട്ടയച്ചത്. 1999 ഫെബ്രുവരി 27 നാണു സംഭവമെങ്കിലും 2001 മാർച്ച് 15നു ഡിജിപിക്കു നൽകിയ പരാതിയെ തുടർന്ന് 2001 മേയ് 9നാണു കേസ് റജിസ്റ്റർ ചെയ്തത്.