ഒരു ദിവസത്തെ ആശ്വാസത്തിന് ശേഷം കുതിപ്പ് തുടര്‍ന്ന് കേരളത്തിലെ സ്വര്‍ണ വില. ബുധനാഴ്ച സ്വര്‍ണ വില പവന് 480 രൂപ വര്‍ധിച്ചു. 98640 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 12,330 രൂപയായി. ഡിസംബര്‍ 15 ന് 99280 രൂപയിലേക്ക് എത്തി സര്‍വകാല ഉയരം കുറിച്ച സ്വര്‍ണ വില ഇന്നലെ 1,120 രൂപ കുറഞ്ഞിരുന്നു.
രാജ്യാന്തര വില വര്‍ധിച്ചതാണ് സ്വര്‍ണ വിലയില്‍ മാറ്റത്തിന് കാരണം. യു.എസില്‍ തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചതായാണ് പുതിയ കണക്ക്. ഇതോടെ അടുത്ത വര്‍ഷവും യു.എസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കും എന്ന പ്രതീക്ഷ ഉയര്‍ന്നു. ഡോളറും ബോണ്ടും താഴ്ന്നതോടെ സ്വര്‍ണ വില മുന്നേറുകയാണ്.
ചൊവ്വാഴ്ച യു.എസ് ഡോളര്‍ രണ്ടാഴ്ചയിലെ താഴ്ന്ന നിലവാരത്തിലെത്തി. 10 വര്‍ഷ യു.എസ് ട്രഷറി ബോണ്ട് യീല്‍ഡും താഴ്ന്നു. ഇതോടെ സ്വര്‍ണ നിക്ഷേപം ഉയരുന്നതാണ് വില കൂടാന്‍ കാരണം. ഇന്നലെ കേരളത്തില്‍ സ്വര്‍ണ വില കുറഞ്ഞ സമയത്ത് 4289 ഡോളറിലായിരുന്നു രാജ്യാന്തര വില. ഇന്നിത് 4322 ഡോളറിലേക്ക് തിരികെ കയറി. ഇതാണ് സ്വര്‍ണ വില ഉയര്‍ത്തിയത്.
കഴിഞ്ഞഴ്ച യു.എസ് ഫെഡറല്‍ റിസര്‍വ് കാല്‍ശതമാനം പലിശ കുറച്ചതിന് പിന്നാലെയാണ് സ്വര്‍ണ വില മുന്നേറ്റം തുടങ്ങിയത്. 2026 ല്‍ രണ്ടു തവണയായി കാല്‍ ശതമാനം വീതം പലിശ കുറയ്ക്കുമെന്നാണ് നിക്ഷേപകര്‍ വിലയിരുത്തുന്നത്. പലിശ കുറയുന്ന സാഹചര്യം സ്വര്‍ണത്തിന് അനുകൂലമാണ്.
വ്യാഴാഴ്ച പുറത്തുവരുന്ന യു.എസിലെ ഉപഭോക്തൃ വില സൂചിക സംബന്ധിച്ച പുതിയ വിവരങ്ങൾ സ്വര്‍ണത്തിന്‍റെ ഗതി നിശ്ചയിക്കും. യൂറോപ്യൻ സെൻട്രൽ ബാങ്കും ബാങ്ക് ഓഫ് ഇംഗ്ലണ്ടും വ്യാഴാഴ്ച ധനനയം സംബന്ധിച്ച തീരുമാനങ്ങൾ പ്രഖ്യാപിക്കും. ഇതും സ്വര്‍ണത്തിന് നിര്‍ണായകമാണ്