ഉചിതസമയത്ത് എഫ്‌സിആര്‍എ ഭേദഗതി ബില്ല് അവതരിപ്പിക്കുമെന്ന കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്‍റെ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തിയില്‍ സിബിസിഐ. ക്രിസ്ത്യാനികള്‍ വിഡ്ഢികളല്ലെന്നും ഭാവിയിലും തിരഞ്ഞെടുപ്പ് ഉണ്ടെന്നും സിബിസിഐ. വിശുദ്ധ വാരത്തിന് ശേഷം പ്രധാനമന്ത്രിയെ നേരില്‍ക്കാണാന്‍ ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി നീക്കം തുടങ്ങി.
തിരഞ്ഞെടുപ്പ് കാരണമാണ് എഫ്സിആര്‍എ ബില്ലിലെ ചര്‍ച്ച മാറ്റിവച്ചതെന്ന പ്രചാരണമാണ് സിബിസിഐയെ ചൊടിപ്പിക്കുന്നത്. ഇന്നലെ ലോക്സഭയില്‍ ചര്‍ച്ച ചെയ്യുമെന്ന് അറിയിച്ചിട്ട് ബില്ല് മാറ്റിവച്ചത് കേരളമടക്കം സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് കാരണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. ഇതോടെയാണ് രൂക്ഷ പ്രതികരണവുമായി സിബിസിഐ വക്താവ് രംഗത്തുവന്നത്. ഈ തിരഞ്ഞെടുപ്പ് കാരണമാണ് ലോക്സഭയിലെ ചര്‍ച്ച മാറ്റിവച്ചതെങ്കില്‍ ഭാവിയിലും തിരഞ്ഞെടുപ്പ് ഉണ്ടെന്ന് സിബിസിഐ.
അടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്‍പ് പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കാണുമെന്നും സിബിസിഐ അറിയിച്ചു. ഇന്നലെ പാര്‍ലമെന്‍റില്‍ എഫ്സിആര്‍എ ഭേദഗതി ബില്ലില്‍ ചര്‍ച്ച നടന്നില്ലെങ്കിലും ഉചിതസമയത്ത് അവതരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞിരുന്നു.