sabarimala-gold-plate-3

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ അഞ്ഞൂറ് കോടിയുടെ പുരാവസ്തു കടത്താണെന്ന രമേശ് ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച് വ്യവസായി. ചെന്നിത്തല പറഞ്ഞ വിദേശ വ്യവസായിയുടെ മൊഴി എസ്.ഐ.ടി.  എടുത്തു. പുരാവസ്തു കടത്ത് സംഘത്തേക്കുറിച്ചുള്ള വിവരങ്ങള്‍ വ്യവസായി കൈമാറിയെന്നാണ് സൂചന.  രമേശ് ചെന്നിത്തലയുടെ ആരോപണം ശരിവെക്കുന്ന തരത്തിലുള്ള മൊഴി  ലഭിച്ചതോടെ വിശദ അന്വേഷണത്തിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. 

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത് സംഘമാണോയെന്ന അന്വേഷണം ഊര്‍ജിതമാക്കി എസ്.ഐ.ടി. രമേശ് ചെന്നിത്തല പറഞ്ഞ വിദേശ വ്യവസായിയുടെ മൊഴി അന്വേഷണസംഘമെടുത്തു. ഇന്നലെയാണ് മൊഴിയെടുത്തത്. സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ അഞ്ഞൂറ് കോടിയുടെ പുരാവസ്തു കടത്താണെന്നും ഇതിനേക്കുറിച്ച് മലയാളിയായ വിദേശ വ്യവസായിക്ക് അറിയാമെന്നുമായിരുന്നു രമേശ് ചെന്നിത്തല അന്വേഷണസംഘത്തെ അറിയിച്ചത്. അതിന് തൊട്ടുപിന്നാലെയാണ് ഈ വ്യവസായിയുടെ മൊഴിയെടുത്തത്.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളകേസിലെ രേഖകള്‍ ആവശ്യപ്പെട്ട ഇ.ഡി അന്വേഷണത്തെ എന്തുകൊണ്ട് എതിര്‍ക്കുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം ഇന്നു കോടതിയെ അറിയിക്കും. മറുപടി രേഖാമൂലം അറിയിക്കാന്‍ സമയം വേണമെന്നു എസ്.ഐ.ടി, കൊല്ലം വിജിലന്‍സ് കോടതിയെ അറിയിക്കുകയായിരുന്നു.  ഇതോടെ രേഖകള്‍ ആവശ്യപ്പെട്ടു എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച അപേക്ഷ ഇന്നു പരിഗണിക്കാനായി മാറ്റുകയായിരുന്നു.

ഇ.ഡി അന്വേഷണം വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇ.ഡിയുടെ അപേക്ഷയെ എസ്.ഐ.ടി വിജിലന്‍സ് കോടതിയില്‍ കഴിഞ്ഞ ദിവസവും എതിര്‍ത്തിരുന്നു. അന്വേഷണത്തിനു തടസമില്ലെന്നു ഹൈക്കോടതി വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ഇ.ഡി കോടതിയെ സമീപിച്ചത്.

ENGLISH SUMMARY:

A businessman has corroborated Ramesh Chennithala’s allegation that an international antique smuggling racket worth ₹500 crore is behind the Sabarimala gold heist. The Special Investigation Team (SIT) recorded the statement of the foreign-based businessman mentioned by Chennithala. Indications suggest that the businessman has shared details about the antique smuggling network. With the statement lending credence to Chennithala’s allegation, the investigation team has decided to proceed with a detailed probe.