സ്വന്തം മകളുടെ അമ്മായിയച്ഛനുമായി പ്രണയത്തിലായ യുവതിയുടെ ഒളിച്ചോട്ടം സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാകുന്നു. മകളുടെ പ്രതിശ്രുത വരനുമായി അമ്മ ഒളിച്ചോടിയ സംഭവത്തിനു പിന്നാലെയാണ് ഉത്തര്‍പ്രദേശില്‍ നിന്ന് ഇങ്ങനെയൊരു വാര്‍ത്ത കൂടി എത്തുന്നത്. ബഡാനില്‍ നിന്നുള്ള മമ്ത എന്ന യുവതിയാണ് മകളുടെ ഭര്‍തൃപിതാവായ ഷൈലേന്ദ്ര എന്ന ബില്ലുവിനൊപ്പം ഒളിച്ചോടിയത്.
ലോറി ഡ്രൈവറാണ് മമ്തയുടെ ഭര്‍ത്താവ് സുനില്‍ കുമാര്‍. മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് വീട്ടിലേക്ക് വന്നിരുന്നത്. ലോറിയില്‍ പോകുമ്പോള്‍ വീട്ടില്‍ കൃത്യമായി എത്താന്‍ കഴിഞ്ഞില്ലെങ്കിലും പണം അയച്ചു നല്‍കുമായിരുന്നു. പക്ഷേ താന്‍ വീട്ടിലില്ലാത്ത സമയം ഭാര്യ ഷൈലേന്ദ്രയെ സ്ഥിരം വീട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നു എന്നാണ് സുനില്‍ കുമാര്‍ പറയുന്നത്. വീട്ടിലുണ്ടായിരുന്ന പണവും സ്വര്‍ണവും എല്ലാമെടുത്താണ് മമ്ത ഷൈലേന്ദ്രയ്ക്കൊപ്പം പോയത് എന്നും ഭര്‍ത്താവ് പറയുന്നു.
അച്ഛന്‍ വീട്ടില്‍ നിന്ന് പോയി കൃത്യം മൂന്നാം ദിവസം അമ്മ ഷൈലേന്ദ്രയെ വീട്ടിലേക്ക് വിളിച്ചുവരുത്തും. അയാള്‍ വരുമ്പോഴൊക്കെ അമ്മ ഞങ്ങളോട് വേറെ മുറിയില്‍ പോയിരിക്കാന്‍ പറയും. ഇപ്പോഴിതാ അമ്മ അയാള്‍ക്കൊപ്പം ഒരു ടെംപോയില്‍ കയറി ഒളിച്ചോടിപ്പോയി എന്നാണ് മകന്‍ പറയുന്നത്. ഇവരുടെ അയല്‍വാസിയായ യുവാവും ഷൈലേന്ദ്രയുടെ സ്ഥിരം പോക്കുവരവിനെപ്പറ്റി പൊലീസിന് മൊഴി നല്‍കി.
‘സുനില്‍ കുമാര്‍ മാസത്തില്‍ ഒന്നോ രണ്ടോ തവണ വീട്ടിലേക്ക് വരാറാണ് പതിവ്. അദ്ദേഹം അവിടെയില്ലാത്തപ്പോള്‍ ഷൈലേന്ദ്ര സ്ഥിരമായി വരാറുണ്ട്. ബന്ധുക്കളായതുകൊണ്ട് നാട്ടുകാര്‍ക്കും സംശയമൊന്നും തോന്നിയില്ല. ഷൈലേന്ദ്ര പതിവായി എത്തിയിരുന്നത് രാത്രി കാലങ്ങളിലായിരുന്നു. മാത്രമല്ല നേരം പുലരുമ്പോള്‍ തന്നെ ഇയാള്‍ തിരിച്ചുപോകുന്നതും കാണാം’ എന്നാണ് അയല്‍വാസി അവദേശ് കുമാര്‍ പറഞ്ഞിരിക്കുന്നത്.
ഭാര്യയെ കാണാനില്ലെന്ന് വ്യക്തമാക്കി സുനില്‍ കുമാര്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇരുകുടുംബങ്ങളില്‍ നിന്നും ഉണ്ടാകാന്‍ സാധ്യതയുള്ള എതിര്‍പ്പ് മറികടക്കാനാകാം മമ്തയും ഷൈലേന്ദ്രയും ഒളിച്ചോടിപ്പോയത് എന്നാണ് പൊലീസ് പറയുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. 43 വയസ്സാണ് മമ്തയുടെ പ്രായം. സുനില്‍ കുമാറുമായുള്ള ബന്ധത്തില്‍ ഇവര്‍ക്ക് നാല് മക്കളുണ്ട്. ഇതില്‍ ഒരു മകളെ 2022ല്‍ വിവാഹം കഴിപ്പിച്ചു. ഇതോടെയാണ് 46കാരനായ ഷൈലേന്ദ്രയുമായി മമ്ത അടുക്കുന്നത്.