ബാധയൊഴിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ മകളെ കൊന്ന കേസില്‍ അമ്മയെ കുറ്റവിമുക്തയാക്കി കോടതി. തെക്കന്‍ ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിലെ ഷെന്‍സെനിലാണ് സംഭവം. ലി എന്ന യുവതിയും മൂത്ത മകളും ചേര്‍ന്നാണ് ഇളയ പെണ്‍കുട്ടിയുടെ 'ബാധയൊഴിപ്പിക്കല്‍' നടത്തിയത്. കൊലക്കുറ്റം ചുമത്തി ഇരുവര്‍ക്കും നാലുവര്‍ഷത്തെ ജയില്‍ശിക്ഷയാണ് നേരത്തെ കോടതി വിധിച്ചിരുന്നത്.
ലിയും രണ്ട് പെണ്‍മക്കളും കടുത്ത അന്ധവിശ്വാസികളായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കണ്ടെത്തി. 'ആത്മാക്കള്‍ വില്‍ക്കപ്പെട്ടതിനാല്‍ നിരന്തരം ദുര്‍ശക്തികള്‍ ആക്രമിക്കുന്നു'വെന്നാണ് ഇവര്‍ വിശ്വസിച്ചിരുന്നതെന്നും ഭൂത-പ്രേത ബാധകള്‍ ശരീരത്തില്‍ കയറിപ്പറ്റുകയും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതായി ഇവര്‍ കരുതിപ്പോന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ലിയുടെ ഇളയമകളായ ഷീ, തന്റെ ശരീരത്തില്‍ ബാധ കയറിയെന്നും അത് ഒഴിപ്പിക്കണമെന്നും ലിയോടും സഹോദരിയോടും ആവശ്യപ്പെട്ടു. ഇതനുസരിച്ച് മന്ത്രങ്ങള്‍ ഉരുവിട്ട ശേഷം അമ്മയും മൂത്ത മകളും കൂടി ഷീ യുടെ നെഞ്ചില്‍ ബലമായി അമര്‍ത്തി. ഒപ്പം വായ ബലമായി തുറന്ന് പിടിച്ച് വെള്ളമൊഴിച്ച ശേഷം ഛര്‍ദിപ്പിക്കാനും നോക്കി. ചടങ്ങിന് ശേഷം ബാധ തന്നെ വിട്ടുപോയെന്നും നാളെയും ചെയ്യണമെന്നും ഷീ പറഞ്ഞു. പക്ഷേ പിറ്റേന്ന് നേരം പുലര്‍ന്നപ്പോള്‍ വായിലൂടെ രക്തം വന്ന് ചലനമറ്റ നിലയിലാണ് ഷീയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ലി വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസെത്തി ഷീയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. ആന്തരീക രക്തസ്രാവമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. മകളെ കൊല്ലണമെന്ന ഉദ്ദശത്തിലല്ല ലി ഇങ്ങനെ ചെയ്തതെന്നും വിശ്വാസപ്രകാരം സഹായിച്ചതാണെന്നുമാണ് കോടതിയുടെ കണ്ടെത്തല്‍. അതിനാല്‍ ശിക്ഷ റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും കോടതി നിര്‍ദേശം നല്‍കി.
അതേസമയം, കോടതി നടപടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇതൊക്കെ എന്ത് തരം വിശ്വാസമാണെന്നും 2025ല്‍ തന്നെയാണോ ഇവരൊക്കെ ജീവിക്കുന്നതെന്നുമായിരുന്നു ഒരാള്‍ കുറിച്ചത്. ജനങ്ങള്‍ക്ക് ശാസ്ത്രീയമായ ബോധവല്‍ക്കരണം നല്‍കേണ്ടത് അത്യാവശ്യമാണെന്നും കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്താനുള്ള അടിയന്തര നടപടികളാണ് വേണ്ടതെന്നും ചിലര്‍ പ്രതികരിച്ചിട്ടുണ്ട്.