നെയ്യാറ്റിന്‍കരയില്‍ അച്ഛന്‍റെ ഉപദ്രവത്തെ തുടര്‍ന്ന് മരിച്ച ഒരു വയസുകാരന്‍ ഇഹാന്‍ അനുഭവിച്ച ക്രൂര പീഡനം മനോരമ ന്യൂസിനോട് വെളിപ്പെടുത്തി ഇഹാന്‍റെ അമ്മ കൃഷ്ണപ്രിയ. നിരന്തര പീഡനവും ബുദ്ധിമുട്ടുമാണ് താനും കുഞ്ഞും ഷിജിലിന്‍റെ വീട്ടില്‍ നേരിട്ടതെന്നും പുറത്തൊരാളോട് മിണ്ടാന്‍ പോലുമുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ലെന്നും അവര്‍ പറയുന്നു. കുഞ്ഞിനോട് വൈരാഗ്യത്തോടെയാണ് ഷിജില്‍ പെരുമാറിയിരുന്നതെന്നും തരിമ്പ് പോലും സ്നേഹം കാട്ടിയിരുന്നില്ലെന്നും കൃഷ്ണപ്രിയ പറയുന്നു. ഷിജിലിന്‍റെ വീട്ടില്‍ ചെന്ന് പത്തു ദിവസത്തിനുള്ളില്‍ ഒരു ചാര്‍ജറും കണക്ട് ചെയ്യാന്‍ പറ്റാത്ത രീതിയില്‍ ഫോണിന്‍റെ ചാര്‍ജിങ് പോര്‍ട്ട് കേടുവരുത്തി. പീഡനം ആരോടും പറയാതിരിക്കാനാകും ഇങ്ങനെ ചെയ്തതെന്ന് സംശയിക്കുന്നതായും യുവതി പറയുന്നു.
ഒപ്പം കിടത്തുമ്പോഴെല്ലാം പുതപ്പ് കൊണ്ട് കുഞ്ഞിന്‍റെ മുഖം മൂടുമായിരുന്നുവെന്നും പലവട്ടം അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞിട്ടും ചെവിക്കൊണ്ടിട്ടില്ലെന്നും കൃഷ്ണപ്രിയ പറഞ്ഞു. കുട്ടി തന്‍റേതല്ലെന്ന സംശയം ഷിജിലിനുണ്ടായിരുന്നുവോയെന്ന സംശയവും കൃഷ്ണപ്രിയയുടെ വാക്കുകളിലുണ്ട്. കുഞ്ഞിന്‍റെ കൈ പിടിച്ച് എപ്പോഴും നോക്കും. 'കൈയ്ക്ക് എന്ത് കുഴപ്പം? കണ്ണ് എന്തോന്നിങ്ങനെ എന്നെല്ലാം പറയും. ചീത്ത വിളിക്കും. കുഞ്ഞിന്‍റെ മുഖത്ത് നോക്കി, നിന്‍റെ മുഖം കണ്ടാലും മതിയെന്നൊക്കെ പറഞ്ഞിട്ടുണ്ട്. കൊച്ചിനോട് ഒരു സ്നേഹത്തോടെയുമല്ല പെരുമാറിയത്. ഒരു ദിവസം നിന്നെ ഞാനേ ഉറക്കുകയുള്ളൂവെന്ന് പറഞ്ഞ് കുഞ്ഞിനെ എടുത്തുകൊണ്ട് നടന്നു. പക്ഷേ പിള്ള നന്നായി കരയുന്നുണ്ടായിരുന്നു. അപ്പോള്‍ അയാളോട് ഞാന്‍ പറഞ്ഞു കൊച്ചിനെ താ...അപ്പോള്‍ കുഞ്ഞിനെ പിടിച്ച് കുത്തിയിരുത്തി. ഇവിടെ ഇരി എന്ന് പറഞ്ഞു. സ്നേഹം കൊടുത്താലേ സ്നേഹം കിട്ടൂ, ഇങ്ങനെ വാശിക്ക് എടുത്താല്‍ ഒരിക്കലും സ്നേഹം കിട്ടില്ല എന്ന് പറഞ്ഞു. കരഞ്ഞ് കരഞ്ഞ് കുഞ്ഞിന്‍റെ ശബ്ദം അടഞ്ഞു കഴിഞ്ഞ ശേഷമാണ് അയാള്‍ക്ക് ഉറക്കാന്‍ പറ്റില്ലെന്ന് മനസിലാക്കി കൊണ്ടു തന്നത്. മിക്ക ദിവസങ്ങളിലും ഇത് തുടര്‍ന്നു. കുഞ്ഞിനെ ഒട്ടും ഇഷ്ടമില്ലായിരുന്നു. എന്നാലും ഇങ്ങനെ ഉപദ്രവിക്കുമെന്ന് കരുതിയിരുന്നില്ല. എന്‍റെ കുഞ്ഞിന് ഇയാളെ കാണുന്നതേ ഇഷ്ടമായിരുന്നില്ല. കുഞ്ഞ് മുഖം തിരിക്കുമായിരുന്നു. കുഞ്ഞിനെ എപ്പോഴും ഉപദ്രവിച്ച് കാണുമായിരിക്കും. അതാകും അത് കരഞ്ഞ് വിളിച്ചിരുന്നത്'- ഉള്ളുലഞ്ഞ് കൃഷ്ണപ്രിയ വെളിപ്പെടുത്തി.
'ഭര്‍ത്താവിന്‍റെ വീട്ടില്‍ എത്തിയിട്ട് കുഞ്ഞിന് അവിടെയുള്ളവരുമായി അഡ്ജസ്റ്റാവാന്‍ പറ്റുന്നുണ്ടായിരുന്നില്ല. എന്‍റെ ഭര്‍ത്താവ് കുഞ്ഞിന എടുക്കുമ്പോഴൊക്കെ കുഞ്ഞ് വല്ലാതെ കരയുമായിരുന്നു. ആ കരച്ചിലിന്‍റെ തീവ്രത കൂടി വരികയും ചെയ്തു. ആദ്യമൊന്നും കൊച്ചിനെ എടുത്തിരുന്നില്ല. പിന്നീട് നിര്‍ബന്ധിച്ച് എടുത്തുകൊണ്ട് പോകുമായിരുന്നു. അത് സ്നേഹത്തോടെയൊന്നുമല്ല. പിടിച്ചു വാങ്ങിച്ചോണ്ടാണ് പോയിരുന്നത്. അപ്പോള്‍ കുഞ്ഞ് നന്നായി കരയും. കുഞ്ഞ് കരയുമ്പോള്‍ എന്നെ അവിടെ നിര്‍ത്തില്ല. വേറെ എന്തെങ്കിലും പോയി ചെയ്യാന്‍ പറയും. എന്നെ കാണുമ്പോഴാണ് അവന്‍ കൂടുതല്‍ കരയുന്നത് എന്ന് പറയും. അയാള്‍ നില്‍ക്കുന്ന ഭാഗത്തേക്ക് പോലും എന്നെ അടുപ്പിച്ചിരുന്നില്ല
സംഭവ ദിവസം രാത്രിയില്‍ എട്ടര ആയപ്പോഴാണ് ഇയാള്‍ കയറി വന്നത്. കുട്ടി എന്‍റെ കയ്യില്‍ ഇരിക്കുകയായിരുന്നു. ഒരു ബിസ്കറ്റും കൊണ്ടാണ് വന്നത്. അതുവരെ അങ്ങനെയൊന്നും ചെയ്തിട്ടില്ല. അതിന് ഒരു ദിവസം മുന്‍പേ ഒരു കവര്‍ ബട്ടര്‍ ബണ്‍ കൊണ്ടുവന്നിരുന്നു. അല്ലാതെ ക്രിസ്മസിന് പോലും കുട്ടിക്ക് ഒരു ഡ്രസോ ഒരു സാധനമോ വാങ്ങിച്ചുകൊണ്ട് വന്നിട്ടില്ല. എനിക്കും ഇതുവരെ ഒന്നും വാങ്ങിത്തന്നിട്ടില്ല. ഹോസ്പിറ്റലില്‍ നിന്ന് ഒരു ദിവസം വന്നപ്പോള്‍ കുട്ടിക്ക് പഴം വാങ്ങിക്കൊണ്ട് വരാന്‍ പറഞ്ഞപ്പോള്‍ അടുത്തെങ്ങും കടയില്ലെന്നായിരുന്നു മറുപടി. എന്നിട്ട് അനിയത്തി വിളിച്ചു പറഞ്ഞപ്പോള്‍ അവര്‍ക്ക് വേണ്ടി എല്ലാ ഫ്രൂട്സും വാങ്ങി. ഞാന്‍ പറഞ്ഞപ്പോള്‍ വാങ്ങിത്തന്നതുമില്ല. അങ്ങനെയൊരവസ്ഥയായിരുന്നു.
നത്തെ ഒരു അവസ്ഥയായിരുന്നു ഞങ്ങളുടേത്. പുറത്തു പറഞ്ഞാല്‍ ആര്‍ക്കും മനസിലാകുകയില്ല. വെളിയിലെ ആളുകളുമായി എനിക്ക് സംസാരിക്കാന്‍ പോലുമുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. ആരോടെങ്കിലും ഒന്ന് സംസാരിച്ചാല്‍ തന്നെ ഇവര് വന്ന് നോക്കും. ഇവരുടെ പ്രവര്‍ത്തികള്‍ ഞാന്‍ ആരുടെയടുത്തും പറയരുത്. അതിനാകും.രാവിലെ മുതല്‍ വൈകുന്നേരം വരെ അവര് അമ്മയും മോളും എന്നെപ്പറ്റി ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. ഞാന്‍ ഒന്നും തിരിച്ച് പറയാറില്ല.
കുഞ്ഞ് കിടക്കയില്‍ മൂത്രമൊഴിക്കാതിരിക്കാന്‍ ഡയപ്പര്‍ ഇടീച്ചിരുന്നു. ഇതോടെ ഡയപ്പര്‍ ഉപയോഗിക്കരുതെന്ന് പറഞ്ഞു. മൂത്രം വീണതോടെ മെത്ത മാറ്റി കട്ടില്‍ മാത്രമാക്കി. ഇടയ്ക്ക് തറയില്‍ കിടത്തി. പിന്നീട് കട്ടിലില്‍ കിടത്തി. എനിക്കും കുഞ്ഞിനും നിരന്തരം ബുദ്ധിമുട്ടുണ്ടാക്കി. കൂടുതലായി അവിടെ പ്രതികരിക്കാന്‍ പറ്റില്ലായിരുന്നു'- കൃഷ്ണപ്രിയ വിശദീകരിച്ചു.
കുഞ്ഞ് കരയുന്നതെന്ത് കൊണ്ടാണെന്ന് ഷിജില്‍ ഇതുവരെ ചോദിച്ചിട്ടില്ല. രാത്രി കരഞ്ഞാല്‍ എടുത്ത് പുറത്ത് പോ എന്നാണ് പറഞ്ഞിരുന്നത്. ഇതോടെ കുഞ്ഞിനെയുമെടുത്ത് താന്‍ ഹാളില്‍ പോകാന്‍ തുടങ്ങിയെന്നും അപ്പോള്‍ വീട്ടുകാര്‍ക്ക് ആര്‍ക്കും ഉറങ്ങാന്‍ പറ്റുന്നില്ലെന്നായി പരാതിയെന്നും യുവതി പറയുന്നു. 'ഇതോടെ മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ സമ്മതിച്ചിരുന്നില്ല. മാത്രമല്ല, അമിത വേഗതയിലാണ് കുഞ്ഞുമായി ബൈക്കില്‍ പോയിരുന്നത്. ഇങ്ങനെ പോകരുതെന്ന് പലവട്ടം ഞാന്‍ പറഞ്ഞിട്ടുണ്ട്. എന്തെങ്കിലും അപകടം വരുത്താന്‍ മനപൂര്‍വം ചെയ്തതാണോ എന്നാണ് എനിക്കിപ്പോള്‍ സംശയം. ഒരു ദിവസം കുഞ്ഞിന്‍റെ കൈയില്‍ കയറിക്കിടക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തു. ഞാന്‍ കരഞ്ഞിട്ടാണ് അയാള്‍ മാറിക്കിടന്നത്. പിറ്റേ ദിവസം കുഞ്ഞിന്‍റെ കൈയില്‍ നീര് കണ്ടപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോയി. പൊട്ടലുണ്ടെന്ന് കണ്ടെത്തി'. കുഞ്ഞിനെ താന്‍ എപ്പോഴും കൊണ്ടുനടക്കുന്നതും പാലുകൊടുക്കുന്നതും കൊണ്ടാണ് കുട്ടി അച്ഛനുമായി അടുക്കാത്തതെന്നാണ് ഷിജില്‍ പറഞ്ഞത്. ഓരോ ദിവസവും എങ്ങനെ എങ്ങനെ അതിജീവിക്കുമെന്ന ഭീതിയിലാണ് ഞാന്‍കഴിഞ്ഞിരുന്നത്. കൊച്ചിനെ ഭയങ്കരമായിട്ട് ബുദ്ധിമുട്ടിച്ചിരുന്നു. സ്വന്തം കുട്ടി ഇങ്ങനെ നെടുവീര്‍പ്പിട്ട് കരഞ്ഞിട്ട് വാശിക്ക് വച്ചുകൊണ്ട് നടന്ന ആളെ എങ്ങനെയാണ് മനുഷ്യനെന്ന് വിളിക്കാന്‍ പറ്റുന്നത്? നെഞ്ചുതകര്‍ന്ന് കൃഷ്ണപ്രിയ ചോദിക്കുകയാണ്.
ഈ മാസം പതിനഞ്ചിനാണ് ഒരു വയസ് മാത്രം പ്രായമുള്ള ഇഹാന്‍ പെട്ടെന്ന് കുഴഞ്ഞു വീണ് മരിച്ചത്. ബിസ്കറ്റും മുന്തിരിയും തിന്നതിന് പിന്നാലെ വായില്‍ നിന്ന് നുരയും പതയും വന്ന് കുഴഞ്ഞ് വീണെന്നായിരുന്നു ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പറഞ്ഞത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തില്‍ കുഞ്ഞിന്‍റെ വയറ്റില്‍ ക്ഷതം കണ്ടെത്തി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇഹാന്‍റെ പിതാവ് ഷിജില്‍ അറസ്റ്റിലാവുകയായിരുന്നു. കുഞ്ഞ് കരഞ്ഞതോടെ തന്‍റെ ഉറക്കം നഷ്ടമായെന്നും ഇതിലെ ദേഷ്യത്തിന് ചെയ്തതാണെന്നുമായിരുന്നു പൊലീസിനോട് ഷിജിലിന്‍റെ കുറ്റസമ്മതം.