AI Generated Images, പ്രതീകാത്മക ചിത്രം
വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിച്ചെന്ന് പരാതി നല്‍കി എയര്‍ ഹോസ്റ്റസ്. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍വച്ചാണ് സംഭവം. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയ ശേഷമാണ് 46കാരിയായ എയര്‍ ഹോസ്റ്റസ് പരാതി നല്‍കിയത്. പരാതിയില്‍ ഗുരുഗ്രാം പൊലീസ് കേസെടുത്തു.
എയര്‍ലൈന്‍ ട്രെയിനിങ്ങിനായാണ് എയര്‍ ഹോസ്റ്റസ് ഗുരുഗ്രാമിലെത്തിയത്. ഹോട്ടലിലെ താമസത്തിനിടെ സ്വിമ്മിങ് പൂളില്‍ മുങ്ങി അപകടത്തില്‍പ്പെട്ടു. തുടര്‍ന്ന് ആദ്യം ഒരു ആശുപത്രിയിലെത്തിച്ചെങ്കിലും എമര്‍ജന്‍സി കെയറിനായി മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെവച്ചാണ് യുവതിയ്ക്ക് ആശുപത്രി ജീവനക്കാരനില്‍നിന്ന് പീഡനം ഏറ്റുവാങ്ങേണ്ടി വന്നത്. വെന്റിലേറ്ററില്‍ അര്‍ധബോധാവസ്ഥയിലിരിക്കെ യാണ് ജീവനക്കാരന്‍ പീഡിപ്പിച്ചത്. ഒച്ചവക്കാനോ കരയാനോ ഒന്ന് അനങ്ങാന്‍ പോലും പറ്റിയ അവസ്ഥയിലായിരുന്നില്ല താനെന്നും എയര്‍ ഹോസ്റ്റസ് പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ഡിസ്ചാര്‍ജ് ആയി വീട്ടിലെത്തിയ ശേഷം ഭര്‍ത്താവിനോടാണ് യുവതി കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.
പരാതിയെത്തുടര്‍ന്ന് ഗുരുഗ്രാം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആശുപത്രി ജീവനക്കാരുടെ മൊഴിയെടുത്ത്് അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ് പൊലീസ്. അത്യന്തം ഗൗരവമേറിയ സംഭവമാണിതെന്നും പൊലീസ് വ്യക്തമാക്കുന്നു.